ഷാരോൺ വധകേസ് മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ പ്രതിഷേധവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ. ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ കോലം കത്തിച്ച് പ്രതിഷേധിച്ചു. ഗ്രീഷ്മയുടെയും, ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെയും കോലം കത്തിച്ചായിരുന്നു പ്രതിഷേധം.ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി അസോസിയേഷൻ മുന്നോട്ടു പോകുമെന്നു മെൻസ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് കുമാർ പറഞ്ഞു. പുരുഷന് കിട്ടാത്ത നീതി എന്തിന് ഒരു സ്ത്രീക്ക് കിട്ടണമെന്നും പുരുഷനെ കൊന്നു തള്ളി ഒരു സ്ത്രീയും ഇനി പുറത്തു വിലസണ്ട എന്നും വട്ടിയൂർക്കാവ് അജിത്ത് കുമാർ പറഞ്ഞു.
അതെ സമയം ഗ്രീഷ്മ അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് പ്രതിക്കു ജാമ്യത്തിനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ഗ്രീഷ്മയ്ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതിക്കു ക്രിമിനൽ പശ്ചാത്തലമില്ല. വെറും 22 വയസ്സു മാത്രമാണു പ്രായം. വിചാരണയിൽ ഇടപെടുമെന്നോ ഒളിവിൽ പോകുമെന്നോ ആശങ്കയ്ക്ക് ഇടയില്ല. 2022 ഒക്ടോബർ 31 മുതൽ കസ്റ്റഡിയിലാണെന്നതും വിലയിരുത്തിയാണു കോടതി ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷൻ ജാമ്യഹർജിയെ എതിർത്തിരുന്നു.കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നു ആവശ്യപ്പെട്ടു ഗ്രീഷ്മ സുപ്രീംകോടതിയില്‍ ഹർജി നല്കി. കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാല്‍ വിചാരണയും അവിടെ നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. അഭിഭാഷകന് ശ്രീറാം പാറക്കാട്ടാണ് ഹർജി സമര്‍പ്പിച്ചത്.
നിലവില്‍ നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. സംഭവം നടന്ന് 11 മാസങ്ങള്‍ക്ക് ശേഷമാണ് ഗ്രീഷ്മ ജയില്‍ മോചിതയായത്. പൊലീസ് കസ്റ്റഡിയില്‍ കഴിയവെ ബാത്റൂം ക്ലീനര്‍ കഴിച്ച് ആത്മഹത്യശ്രമം നടത്തിയതിനും ഗ്രീഷ്മക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.പ്രണയബന്ധത്തിൽ നിന്നു പിന്മാറാൻ വിസമ്മതിച്ചതിനെ തുടർന്നു, കാമുകനായ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14നു രാവിലെ പത്തരയോടെ വീട്ടിൽ വിളിച്ചു വരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നാണു കേസ്. തുടർന്നു ഗുരുതരാവസ്ഥയിലായ ഷാരോൺ 2022 ഒക്ടോബർ 25നു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു.