കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയാണ് പിസി ജോർജ് ബിജെപി നേതാവ് ജെപി നഡ്ഡയിൽ നിന്നും ബിജെപി അംഗത്വം നേടിയത്. ഇതിന് ശേഷം പിസി ജോർജ് കോട്ടയം ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബിജെപി ടിക്കറ്റിലെ പിസി ജോർജിന്റെ ലക്ഷ്യങ്ങൾ കൂടുതൽ ചർച്ചയായി മാറിയിരിക്കുന്നത്.അതെ സമയം ഷോൺ ജോർജ് നിലവിൽ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമാണ്. പിസി ജോർജിന്റെ സ്വാധീന മേഖലയായ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങൾ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗവുമാണ്. ഈ സാഹചര്യത്തിൽ മകൻ ഷോൺ ജോർജിനെ പത്തനംതിട്ട സീറ്റിൽ മത്സരിപ്പിക്കുന്നതിനാകും പിസി ജോർജ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ രണ്ടു തവണയും പത്തനംതിട്ട സീറ്റിൽ ബിജെപിയ്ക്ക് കനത്ത മത്സരം കാഴ്ച വയ്ക്കാൻ സാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇക്കുറി പിസി ജോർജ്ജ് കൂടി രംഗത്ത് എത്തുന്നതോടെ തെരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം കാഴ്ച വയ്ക്കാൻ സാധിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.മകനെ പത്തനംതിട്ട സീറ്റിൽ മത്സരിപ്പിച്ച് ബിജെപിയ്ക്ക് മികച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചാൽ, ബിജെപി ടിക്കറ്റിൽ മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്ന് രാജ്യസഭയിൽ എത്താനാകും പിസി ജോർജ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നും വൻ വോട്ട് വ്യത്യാസത്തിലാണ് പിസി ജോർജ് പരാജയപ്പെട്ടത്. എന്നാൽ, ഇവിടെ എൻഡിഎയ്ക്ക് നിർണ്ണായകമായ സ്വാധീനമുണ്ട്. പിസി ജോർജിന് സ്വാഭാവികമായി ലഭിക്കുന്ന വോട്ടും, എൻഡിഎ വോട്ടും കൂടി ചേർന്നാൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ നിർണ്ണായകമായ സ്വാധീനം ഉണ്ടാക്കാനാവുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.