മാണ്ഡി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും രാഷ്ട്രീയ നേതാവുമായ കങ്കണ റണാവത്ത് താൻ ഒരിക്കൽ ബീഫ് കഴിച്ചുവെന്ന കോൺഗ്രസ് നേതാവിൻ്റെ ആരോപണം തള്ളി രംഗത്തെത്തി. താൻ അഭിമാനിയായ ഹിന്ദുവാണെന്നും കങ്കണ പറഞ്ഞു. എക്സിലൂടെയാണ് കങ്കണയുടെ പ്രതികരണം. താൻ ബീഫോ മറ്റേതെങ്കിലും മാംസമോ കഴിക്കാറില്ല. തന്നെ കുറിച്ച് തികച്ചും അടിസ്ഥാന രഹിതമായ വാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും കങ്കണ പറഞ്ഞു.
പത്ത് വർഷമായി ഞാൻ യോഗ ആയുർവേദ ജീവിത രീതിയാണ് പിന്തുടരുന്നത്. എന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങൾ നടക്കില്ല. എന്റെ ആളുകൾക്ക് എന്നെ കുറിച്ച് അറിയാം. ഞാൻ ഒരു അഭിമാനിയായ ഹിന്ദുവാണ്,’ കങ്കണ എക്സിൽ കുറിച്ചു. തനിക്ക് ബീഫ് ഇഷ്ടമായിരുന്നെന്നും കഴിച്ചിട്ടുണ്ടെന്നും മുമ്പ് കങ്കണ എക്സിൽ കുറിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതാവ് നടിക്കെതിരെ രംഗത്ത് എത്തിയത്.
ബി.ജെ.പി ലോക്സഭാ സ്ഥാനാർത്ഥി ഒരിക്കൽ ബീഫ് ഇഷ്ടപ്പെടുകയും കഴിക്കുകയും ചെയ്തുവെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ടെന്നും പാർട്ടി ഇപ്പോൾ അവർക്ക് മത്സരിക്കാൻ ടിക്കറ്റ് നൽകിയിട്ടുണ്ടെന്നും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ ആരോപിച്ചതിന് പിന്നാലെയാണ് കങ്കണയുടെ പ്രതികരണം.