ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബോളിവുഡ് നടി കജോള്‍. നമ്മെ ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്ന് കാജോള്‍ കുറ്റപ്പെടുത്തി. ദി ക്വിന്റിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ തുറന്നുപറച്ചില്‍.
‘ഇന്ത്യയെ പോലൊരു രാജ്യത്തെ മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. നാം നമ്മുടെ പാരമ്പര്യങ്ങളില്‍ മുഴുകിയിരിക്കുകയാണ്. മാറ്റത്തില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്.
ഒരു കാഴ്ചപ്പാടില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നത്. വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കും.എനിക്ക് ഇത് പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ അത് പറയാതെ വയ്യ, അതാണ് വസ്തുത എന്നാണ് കജോള്‍ പറയുന്നത്.
കാജോളിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ ചിലര്‍ പിന്തുണയ്ക്കുമ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിക്കുകയാണ്. ബിജെപി മന്ത്രിസഭയെ ലോകത്തിന് മുന്നില്‍ മനപൂര്‍വ്വം താഴ്ത്തി കെട്ടാനുള്ള നടിയുടെ പ്രവര്‍ത്തിയാണ് ഈ വാക്കുകള്‍ എന്നാണ് ചിലര്‍ വിമര്‍ശിക്കുന്നത്.
അതേസമയം അഭിനയത്തിലേക്ക് വന്നാല്‍ കരണ്‍ ജോഹറിന്റെ പുതിയ ചിത്രത്തില്‍ കജോള്‍ നായികയായി എത്തുന്നുണ്ട്. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകന്. ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ മകന് ഇബ്രാഹിം ഖാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സലാം വെങ്കി എന്ന ചിത്രമാണ് കജോളിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. നടി രേവതിയാണ് ചിത്രത്തിന്റെ സംവിധാനം.