മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥന് അറസ്റ്റില്‍. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു. അറസ്റ്റ് ചെയ്ത രേഖ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസില്‍ ശബരീനാഥന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെയാണ് ശബരീനാഥനെ അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ചതിനെ വധശ്രമമായി ചിത്രീകരിക്കുന്നത് ഭീരുത്വമാണെന്ന് ശബരീനാഥന് പറഞ്ഞു. എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് സാധാരണപോലെയുള്ള ഒരു പ്രതിഷേധമാണ് സംഘടിപ്പിച്ചത്. വടിവാള്‍ പോയിട്ട് ഒരു പേനപോലും അവരുടെ കയ്യിലുണ്ടായിരുന്നില്ലെന്നും ശബരീനാഥന് പറഞ്ഞു. പ്രതിഷേധം കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞിട്ടില്ലെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് യൂത്ത് കോണ്‍ഗ്രസ് സ്വതന്ത്ര സംഘടനയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ശബരീനാഥനും പങ്കാളിയാണെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്. യൂത്ത് കോണ്‍ഗ്രസിന്റെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് നിര്‍ദേശിക്കുന്നതിന്റെ സ്ക്രീന്‍ഷോട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് പൊലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ ശബരീനാഥനെ പൊലീസ് വിളിച്ചുവരുത്തിയത്.