ന്യൂഡല്‍ഹി: വാര്‍ത്തകള്‍ ബിജെപിക്ക് അനുകൂലമായും ഏകപക്ഷീയമായും കൈകാര്യം ചെയ്യുന്നുവെന്ന് ആരോപിച്ച് 14 വാര്‍ത്ത അവതാരകരെ ‘ഇന്ത്യ’ സഖ്യം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. ബഹിഷ്കരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെയും അവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും പട്ടിക പ്രതിപക്ഷ നേതാക്കള്‍ പുറത്തിറക്കി.
അര്‍ണബ് ഗോസ്വാമി ഉള്‍പ്പെടെ 14 പേരാണു പട്ടികയിലുള്ളത്. ഇന്ത്യ മുന്നണിയുടെ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ മാധ്യമ ഗ്രൂപ്പാണ് ഇതു സംബന്ധിച്ച് വിവരങ്ങള്‍ പുറത്തിറക്കിയത്. ചില മാധ്യമങ്ങള്‍ വിദ്വേഷം പരത്തുന്നതായി പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു.
ഇതിന്റെ ബാക്കിഭാഗമായിട്ടാണ് ചില ടെലിവിഷന്‍ പരിപാടികളെയും അവതാരകരെയും ബഹിഷ്കരിച്ച് പട്ടിക ഇറക്കിയത്. ഈ അവതാരകര്‍ നയിക്കുന്ന ചര്‍ച്ചകളിലോ വാര്‍ത്താപരിപാടികളിലോ ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കില്ല.
അതേസമയം 2019ലും സമാനമായ രീതിയില്‍ കോണ്‍ഗ്രസ് ചില ടെലിവിഷന്‍ പരിപാടികള്‍ ബഹിഷ്കരിച്ചിരുന്നു. ടെലിവിഷന്‍ ചര്‍ച്ചകളിലേക്കു കോണ്‍ഗ്രസ് വക്താക്കളെ അയയ്ക്കില്ലെന്ന് അന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദിപ് സുര്‍ജേവാല അറിയിച്ചിരുന്നു.
ഇന്ത്യ മുന്നണി ബഹിഷ്കരണം ഏര്‍പ്പെടുത്തിയ അവതാരകര്‍.
–
1. അമന് ചോപ്ര (ന്യൂസ് 18)
2. അമീഷ് ദേവ്ഗണ് (ന്യൂസ് 18)
3. അദിതി ത്യാഗി (ഇന്ത്യ എക്സ്പ്രസ്)
4. ചിത്ര ത്രിപാഠി (ആജ് തക്)
5. അര്‍ണബ് ഗോസ്വാമി (റിപ്പബ്ലിക് ടി.വി.)
6. ഗൗരവ് സാവന്ത് (ഇന്ത്യ ടുഡേ)
7. പ്രാചി പരാശര്‍ (ഇന്ത്യ ടി.വി.)
8. ആനന്ദ് നരസിംഹന് (ന്യൂസ് 18)
9. സുശാന്ത് സിന്‍ഹ (ടൈംസ് നൗ നവഭാരത്)
10. ശിവ് അരൂര്‍ (ഇന്ത്യ ടുഡേ)
11. റൂബിക ലിയാഖത്ത് (ഇന്ത്യ 24)
12. സുധീര്‍ ചൗധരി (ആജ് തക്)
13. അശോക് ശ്രീവാസ്തവ്
14. നാവിക കുമാര്‍ (ടൈംസ് നൗ)