നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയുടെ സംരക്ഷണം ലഭിക്കാന്‍ വിജയ് ബാബുവിന് അവകാശം ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ വിജയ് ബാബു നിരപരാധിയാണ്. വിജയ് ബാബു ചിലര്‍ക്ക് താരമായിരിക്കും. കോടതിക്ക് ഏതൊരു സാധാരണക്കാരനെയും പോലെ മാത്രമാണ് വിജയ് ബാബുവെന്നും കോടതി പറഞ്ഞു.
വിജയ് ബാബു നാട്ടില്‍ വരുന്നതിനെ പ്രോസിക്യൂഷന് എന്തിന് എതിര്‍ക്കുന്നുവെന്ന് കോടതി ചോദിച്ചു. ഇന്ത്യന്‍ നിയമത്തിന് വിധേയനാകാന്‍ അല്ലേ വിജയ് ബാബു ശ്രമിക്കുന്നതെന്നും അയാള്‍ നാട്ടില്‍ വന്ന് കേസുമായി സഹകരിക്കുകയല്ലേ ഇരയ്ക്കും വേണ്ടതെന്നും കോടതി ചോദിച്ചു. ചോദ്യം ചെയ്യലിന് ശേഷമേ മാത്രമേ നിയമപരമായി അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂ. പക്ഷേ ആദ്യം തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് കമ്മിഷണര്‍ പറയുന്നത്. പൊലീസിന്റെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനല്ല കോടതി, സാധാരണക്കാരന്റെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണ്. പൊലീസിന്റെ നിര്‍ബന്ധബുദ്ധി കേസിനെ ദോഷകരമായി ബാധിക്കും. ആരെ കാണിക്കാനാണ് നാടകമെന്നും വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളിലൂടെ കാണിക്കാനാണോ എന്നും പൊലീസിനോട് കോടതി ചോദിച്ചു.
രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കേരളത്തില്‍ എത്തുകയാണെങ്കില്‍ വിജയ് ബാബുവിന് താത്കാലിക സംരക്ഷണം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി പറഞ്ഞു. നാട്ടിലില്ല എന്നതുകൊണ്ട് ജാമ്യാപേക്ഷ സമര്‍പ്പിക്കാനാവില്ല എന്ന് പറയുന്നത് തെറ്റാണെന്നും കോടതി വ്യക്തമാക്കി.