മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും തുറന്ന പോരിനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തനിക്കെതിരായി നടന്ന വധശ്രമത്തില്‍ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്നും ഇത് ഉള്‍പ്പെടെ മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
2019 ല്‍ കണ്ണൂര്‍ സര്‍വ്വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ സംഭവവുമായി ബന്ധപ്പെട്ടാണ് ആരോപണം പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ അന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്ന ആക്രമണത്തില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാത്തത് മുഖ്യമന്ത്രിയുടെ ഇടപെടല്‍ മൂലമെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നല്കിയ കത്തുകളാണ് പുറത്തുവിടുകയെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ വെച്ച് തനിക്കെതിരെ ശാരീരിക ആക്രമണത്തിന് ശ്രമം നടന്നുവെന്നായിരുന്നു ഗവര്‍ണര്‍ മുന്‍പ് ആരോപിച്ചത്. ഈ ആക്രമണത്തിന് പിന്നില്‍ സര്‍വകലാശാല വി.സിയാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും ഡല്‍ഹിയില്‍ ഗൂഢാലോചന നടത്തിയത് മുന്‍പേ അറിഞ്ഞിരുന്നതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.