മുന്‍ ഇന്ത്യന്‍ നായകന് വിരാട് കോലിക്ക് പിന്തുണയുമായി രവി ശാസ്ത്രി രംഗത്ത്. ഒരു കളിക്കാരനെയോ അയാളുടെ ക്യാപ്റ്റന്‍സിയെയോ ട്രോഫികളുടെ നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടതെന്ന് രവി ശാസ്ത്രി പറഞ്ഞു. അങ്ങനെ നോക്കുകയാണെങ്കില്‍ ഗാംഗുലിക്കും ദ്രാവിഡിനും എത്ര ഐ.സി.സി ട്രോഫികള്‍ ലഭിച്ചുവെന്നും രവി ശാസ്ത്രി ചോദിച്ചു.
പല താരങ്ങളും ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല. സൗരവ് ഗാംഗുലിയും ദ്രാവിഡും അനില്‍ കുംബ്ലയും വി.വി.എസ് ലക്ഷ്മണും ലോകകപ്പ് നേടിയിട്ടില്ല. രോഹിത് ശര്‍മയ്ക്ക് പോലും ഇതുവരെ കപ്പ് നേടാനായിട്ടില്ല. അത് നേടാത്തതുകൊണ്ട് ഒരു താരവും മോശക്കാരല്ല. ലോകകപ്പ് നേടിയ നായകന്മാര് കപില്‍ ദേവും എം.എസ് ധോണിയും മാത്രമാണെന്നും രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ നായകന് എന്ന നിലയില്‍ എല്ലാ ഫോര്‍മാറ്റിലുമായി നിരവധി റെക്കോര്‍ഡുകള്‍ ഉണ്ടായിരുന്നെങ്കിലും ഒരു ഐ.സി.സി കിരീടം പോലും നേടാന്‍ കഴിഞ്ഞില്ലെന്ന് കാട്ടി വിരാടിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു രവി ശാസ്ത്രിയുടെ പ്രതികരണം.