സര്‍ക്കാര്‍ ആശുപത്രിയുടെ വൃത്തിഹീനതയില്‍ ക്ഷുഭിതനായി ഗണേഷ് കുമാര്‍ എംഎല്‍എ. തലവൂരിലെ ആയുര്‍വേദ ആശുപത്രിയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് മോശം അവസ്ഥ എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഫാര്‍മസിയും ഓഫിസുകളുമടക്കം വൃത്തിഹീനമായി കിടക്കുന്നതു കണ്ട് എംഎല്‍എ ചൂലെടുത്ത് തൂക്കുകയും ചെയ്തു.
ആശുപത്രി വൃത്തിഹീനമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എ എത്തിയത്. വാങ്ങുന്ന ശമ്പളത്തിനോട് അല്പമെങ്കിലും കൂറ് കാണിക്കണ്ടേയെന്ന് ചോദിച്ച എംഎല്‍എ താന്‍ ഇപ്പോള്‍ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടര്‍മാര്‍ക്കും ജോലിക്കാര്‍ക്കും ലജ്ജ തോന്നാന്‍ വേണ്ടിയാണെന്നും പറഞ്ഞു.
എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ ചിലവഴിച്ചാണ് തലവൂര്‍ ആയുര്‍വേദ ആശുപത്രി ഉദ്ഘാടന സജ്ജമാക്കിയത്. ആശുപത്രി വൃത്തിഹീനമായി കിടക്കുകയാണെന്നറിഞ്ഞതോടെ ഇക്കാര്യം പരിശോധിക്കാനാണ് എംഎല്‍എ എത്തിയത്. പരിശോധനയില്‍ വൃത്തിയില്ലാത്ത അഴുക്കു നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളുമാണ് എംഎല്‍എയ്ക്ക് കാണാന്‍ സാധിച്ചത്. ആറ് മാസം മുന്‍പ് പുതുക്കി പണിത ശൗചാലയത്തിന്റെ അവസ്ഥയും ശോചനീയമാണ്.