ബിഹാറില്‍ മൂന്നു വയസ് മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടു. കോപാ മര്‍ഹ നദിക്കരികിലെ സെമിത്തേരിയിലാണ് കുഞ്ഞിനെ കുഴിച്ചിട്ടത്. സെമിത്തേരി സന്ദര്‍ശിക്കാനെത്തിയ സ്ത്രീകളാണ് മണ്ണ് അനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട് പരിശോധിച്ചത്. മണ്ണ് മാന്തി നോക്കിയപ്പോള്‍ കുഞ്ഞിനെ ജീവനോടെ കണ്ടെത്തുകയായിരുന്നു. അമ്മയും മുത്തശ്ശിയും ചേര്‍ന്നാണ് കുഴിച്ചിട്ടതെന്ന് കുഞ്ഞ് പറഞ്ഞു.
അമ്മ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നും വായില്‍ മണ്ണ് നിറച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. പിന്നീട് ജീവനോടെ കുഴിച്ചിടുകയായിരുന്നു. തന്റെ ഗ്രാമം ഏതാണെന്ന് ഓര്‍ത്തെടുത്ത് പറയാന്‍ അവള്‍ക്ക് സാധിച്ചില്ല. എന്നാല്‍ ഹൃദയഭേദകമായ ആ സംഭവം അവളുടെ ഓര്‍മ്മയിലുണ്ടായിരുന്നു. അവള് പൊലീസിനോട് ഈ വിവരങ്ങളെല്ലാം പറഞ്ഞു. സ്ത്രീകള്‍ എത്തുന്നതിന് കുറച്ച് മുമ്പ് മാത്രമായിരിക്കണം അവളെ അവിടെ കുഴിച്ചിട്ടിരിക്കുക. അതിനാല്‍ മാത്രമാണ് അവളുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് എഎസ്ഐ രവീന്ദര്‍ സ്ഥലത്തെത്തി. കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. തന്റെ പേര് ലാലി എന്നാണെന്നും അച്ഛന്റെ പേര് രാജു എന്നും അമ്മയുടെ പേര് രേഖാ ദേവി എന്നാണെന്നും കുട്ടി പറഞ്ഞു. അമ്മയും അമ്മമ്മയും തന്നെ ഉപദ്രവിച്ചു, താന്‍ കരഞ്ഞപ്പോള്‍ വായില്‍ മണ്ണ് നിറച്ചു, പിന്നീട് കുഴിച്ചിട്ടു എന്നും കുട്ടി പൊലീസിനോടും വിശദീകരിച്ചു.