അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപം കൊടുത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ട്രൂത്ത് സോഷ്യൽ അടുത്തമാസം മുതൽ പ്രവർത്തനക്ഷമമാകുമെന്ന് റിപ്പോർട്ട്. തന്റെ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും ട്വിറ്ററിന് തിരിച്ചടി നൽകുന്നതിനുമാണ് ട്രൂത്ത് സോഷ്യലുമായി മുന്നോട്ട് പോകുന്നതെന്ന് ട്രംപ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
കഴിഞ്ഞ ജനുവരിയിൽ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ റദ്ദാക്കിയ സാഹചര്യത്തിലാണ് സ്വന്തമായി പുതിയ പ്ലാറ്റ്ഫോം ആരംഭിക്കാൻ തീരുമാനിച്ചത്. 2021 ഒക്ടോബറിലാണ് ട്രംപ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന് രൂപം കൊടുക്കുന്നതായി പ്രഖ്യാപിച്ചത്. ‘ട്രൂത്ത് സോഷ്യൽ’ എന്ന പേരും പുറത്തുവിട്ടു. നുണ പ്രചാരണത്തിൻ്റെ പേരിൽ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങൾ ട്രംപിന് വിലക്കേർപ്പെടുത്തിയിരുന്നു. അതോടെയാണ് സ്വന്തമായി ഒരു സോഷ്യൽ നെറ്റ് വർക്കിങ്ങ് കമ്പനി തന്നെ രൂപീകരിച്ചാലോ എന്ന ചിന്തയിലേക്ക് ട്രംപ് തിരിഞ്ഞത്.