ബിഗ്ബോസ് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ് വൈൽഡ് കാർഡ് എൻട്രി.ഷോ തുടങ്ങി ഒരു മാസത്തിനുള്ളിൽ ആദ്യ വൈൽഡ് കാർഡുകൾ എത്തുകയാണ് പതിവ്. ഒന്നോ രണ്ടോ പേരാകും ഇത്തരത്തിൽ വരിക. നിലവിലെ ഷോയെ പൂർണമായും മാറ്റി മറിക്കാൻ ഇവർക്ക് സാധിക്കും. കാരണം ഓരോ എപ്പിസോഡുകളും കണ്ട ശേഷം ആണ് ഇവർ എത്തുന്നത്. അത്തരത്തിൽ മലയാളം ബിഗ് ബോസിൽ എത്തി കസറിയ നിരവധി വൈൽഡ് കാർഡുകളുണ്ട്. റിയാസ് സലീം അതിന് ഒരുദാഹരണം മാത്രം.
ബിഗ് ബോസ് മലയാളം സീസൺ ആറ് നിലവിൽ ഒരു മന്ദഗതിയിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. ഒപ്പം കുറച്ചധികം പേർ പുറത്താകുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഷോയെ ഒന്ന് ഉഷാറാക്കാൻ വൈൽഡ് കാർഡുകൾ വരികയാണെന്ന വാർത്ത ഏതാനും നാളുകൾക്ക് മുൻപ് തന്നെ പുറത്തുവന്നിരുന്നു. എന്നാൽ മുൻ സീസണുകളെ പോലെ ഒന്നോ രണ്ടോ പേരായിരിക്കില്ല എത്തുക എന്നാണ് വിവരം. മൂന്നിൽ കൂടുതൽ വൈൽഡ് കാർഡുകൾ എത്തിയേക്കും. ഈ അവസരത്തിൽ വൈൽഡ് കാർഡ് ആയി എത്താനിരിക്കുന്നവരുടെ പ്രെഡിക്ഷൻ ലിസ്റ്റുകൾ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അഞ്ചാം സീസൺ മുതൽ മത്സരാർത്ഥി ആയി എത്താൻ സാധ്യതയുണ്ടെന്ന് ബിഗ് ബോസ് റിവ്യൂവേഴ്സ് പറഞ്ഞ സ്ക്രട്ട് ഏജന്റ് സായ് കൃഷ്ണ എത്തുമെന്ന് ചിലർ പറയുന്നുണ്ട്. വിവിധ കാര്യങ്ങളിൽ തന്റേതായി നിലപാടുകൾ തുറന്നു പറയുന്നു സായ് ബിഗ് ബോസിൽ മികച്ചൊരു മത്സരാർത്ഥിയാകുമെന്നും ഇവർ പറയുന്നുണ്ട്.