സമ്മതമില്ലാതെ ആംബുലന്‍സില്‍ കയറി വനിതാ രോഗിയെ പരിശോധിച്ചെന്ന് ചൂണ്ടിക്കാട്ടി സമാജ്വാദി പാര്‍ട്ടി എംഎല്‍സി സ്ഥാനാര്‍ഥിയും പീഡിയാട്രീഷ്യനുമായ കഫീല്‍ ഖാനെതിരെ കേസ്. ഡ്രൈവറുടെ സമ്മതമില്ലാതെ രോഗിയെ പരിശോധിച്ചെന്ന് കാണിച്ച് ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് കേസെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തിയതാണ് കുറ്റം.
മാര്‍ച്ച് 26നാണ് കേസിനാധാരമായ സംഭവം നടന്നത്. പക്ഷേ, ചൊവ്വാഴ്ചയാണ് കേസെടുത്തത്. ബാലുഹാനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡ്രൈവറായ പ്രകാശ് പട്ടേല്‍ കോട്വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഐപിസി 332, 353 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു.
ആരോഗ്യകേന്ദ്രത്തില്‍ ചികിത്സക്കെത്തിയ രോഗിയെ ഡോക്ടര്‍മാര്‍ ഡിയോറിയ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ എത്തുമ്പോഴേക്കും മരിച്ചുവെന്നുമാണ് പരാതിക്കാരന് പറഞ്ഞത്. ഇതിന് ശേഷം കഫീല്‍ സ്ഥലത്തെത്തി രോഗിയെ സമ്മതം കൂടാതെ പരിശോധിച്ചുവെന്നാണ് പരാതിയില്‍ കുറ്റപ്പെടുത്തിയത്.