പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്.
ജമ്മുവില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലിയിലാണ് ഗുലാം നബി ആസാദ് പാര്‍ട്ടി പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ പേരും കൊടിയുമെല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്നും എല്ലാവര്ക്കും മനസിലാക്കുന്ന ഹിന്ദുസ്ഥാന്‍ നാമമാകും പാര്‍ട്ടിയുടേതെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ജമ്മു കശ്മീര്‍ ആസ്ഥാനമായായിരിക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കശ്മീരിന്റെ സമ്പൂര്‍ണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയായിരിക്കും പാര്‍ട്ടിയുടെ പ്രധാന അജണ്ട. ഇതോടൊപ്പം ഭൂസ്വത്തിനുള്ള അവകാശം, കശ്മീരികള്‍ക്കുള്ള തൊഴിലവസരം തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
റാലിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിക്കാനും ഗുലാംനബി മറന്നില്ല. കോണ്‍ഗ്രസിനെ വളര്‍ത്താന്‍ രക്തവും വിയര്‍പ്പും നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കമ്പ്യൂട്ടറോ ട്വിറ്ററോ ഉപയോഗിച്ചല്ല പാര്‍ട്ടിയെ വളര്‍ത്തിയത്. എന്നാല്‍, ചിലര്‍ തങ്ങളെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഗുലാം നബി കുറ്റപ്പെടുത്തി.
അടുത്തിടെയാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ ഗുലാം നബി ആസാദ് രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്നില്ല, മുതിര്‍ന്ന നേതാക്കളെ വേണ്ടത്ര പരിഗണിക്കുന്നില്ല, പക്വതയില്ല തുടങ്ങിയ വിമര്‍ശനങ്ങളാണ് ഗുലാംനബി ഉന്നയിച്ചത്.