ബലാത്സംഗം ചെയ്തയാളെ വിവാഹം കഴിക്കേണ്ടിവരികയും ക്രൂരത തുടര്‍ന്നതോടെ പൊലീസില്‍ പരാതിപ്പെടേണ്ടതുമായി വന്നു അമാന്‍ഡ വാക്കര്‍ എന്ന 28കാരിക്ക്. അമാന്‍ഡയുടെ പരാതിയില്‍ ഭര്‍ത്താവ് മിഹായ് സവേസ്ക്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുരിതങ്ങള്‍ ഏറെ സഹിച്ച് ഒടുവില്‍ ജീവിതത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ് അമാന്‍ഡ. യു.കെയിലാണ് സംഭവം നടന്നത്.
2018 ഫെബ്രുവരിയിലാണ് സഹപ്രവര്‍ത്തകനായ മിഹായ് സവേസ്ക്യു അമാന്‍ഡയെ ബലാത്സംഗം ചെയ്യുന്നത്. ഒരു കെയര്‍ ഹോമില്‍ കോര്‍ഡിനേറ്ററായിരുന്നു അമാന്‍ഡ. അവിടെ പുതുതായി എത്തിയതായിരുന്നു മിഹായ്. ഇരുവരും തമ്മില്‍ സൗഹൃദത്തിലായി. സംഭവ ദിവസം വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റിയ മിഹായ് അമാന്‍ഡയെ ഒരു ഹോട്ടലില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. തനിക്ക് ഒരു മകനുണ്ടെന്നും ഈ വിവരം ആരോടും പറയരുതെന്നും മിഹായ് അമാന്‍ഡയോട് യാചിച്ചു. മിഹായിന്റെ മകനെ ഓര്‍ത്ത് അമാന്‍ഡ ഇക്കാര്യം ആരോടും പറഞ്ഞില്ല.
ആഴ്ചകള്‍ കടന്നുപോയതോടെ താന്‍ ഗര്‍ഭിണിയാണെന്ന കാര്യം അമാന്‍ഡ തിരിച്ചറിഞ്ഞു. ഒടുവില്‍ നടന്ന കാര്യങ്ങള്‍ അമാന്‍ഡ അമ്മയോടും തന്റെ മതത്തിലെ മുതിര്‍ന്നവരോടും പറഞ്ഞു. ഒന്നുകില്‍ അവള് മിഹായ്ക്കെതിരെ കേസ് കൊടുക്കണം അല്ലെങ്കില്‍ അയാള്‍ക്കൊപ്പം ജീവിക്കണം എന്നായിരുന്നു അവരുടെ നിലപാട്. അങ്ങനെ മിഹായ്ക്കൊപ്പം ജീവിക്കാന്‍ അമാന്‍ഡ തീരുമാനിച്ചു. ജീവിതം തുടങ്ങിയത് മുതല്‍ മിഹായിന്റെ ഭാഗത്തു നിന്നും അതിക്രൂരമായ പീഡനമാണ് അമാന്‍ഡയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. വീണ്ടും അയാള്‍ അവളെ ബലാത്സംഗം ചെയ്തു. പെണ്‍കുഞ്ഞാണ് വയറ്റില്‍ വളരുന്നതെന്നറിഞ്ഞ് അയാള്‍ വീണ്ടും, വീണ്ടും അവളെ പീഡിപ്പിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മിഹായ് അവളോട് വിവാഹാഭ്യര്‍ത്ഥന നടത്തി. മകള്‍ക്ക് വേണ്ടി അവളതിന് സമ്മതിച്ചു. പിറ്റേമാസം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരായി. എന്നാല്‍, അന്ന് രാത്രി തന്നെ അയാള്‍ അവളെ തനിച്ചാക്കി മദ്യപിക്കാന്‍ പോയി. തിരികെയെത്തിയ അയാള്‍ അവളെ വീണ്ടും ബലാത്സംഗം ചെയ്തു. ഒടുവില്‍ സഹികെട്ട് അമാന്‍ഡ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മിഹായിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
17 വര്‍ഷത്തേക്ക് അയാളെ ജയിലിലടച്ചു. ശിക്ഷ കഴിഞ്ഞാല്‍ അയാളെ നാടുകടത്തും. പീഡിപ്പിച്ചതിനും അതിജീവിതയുടെ അവസ്ഥയും നല്ല മനസും ചൂഷണം ചെയ്തതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞതെല്ലാം മറക്കാന്‍ ശ്രമിക്കുകയാണ് അമാന്‍ഡ. മകള്‍ മാത്രമാണ് അമാന്‍ഡയുടെ മുന്നിലുള്ളത്. അവള്‍ക്ക് വേണ്ടി ജിവിക്കണമെന്നും നടന്നതെല്ലാം ഒരു ദിവസം അവളോട് പറയുമെന്നും അമാന്‍ഡ കൂട്ടിച്ചേര്‍ത്തു.