‘ ഈഗ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ കന്നഡ നടനാണ് കിച്ചാ സുദ്ദീപ്. ഒരു നടൻ എന്നതിലുപരി സംവിധായകൻ നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ് ഇദ്ദേഹം. തെലുങ്ക്, കന്നട ഭാഷകൾക്ക് പുറമെ ഹിന്ദി ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. ഇദ്ദേഹം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രാന്ത് റോണ. കന്നട ഭാഷയിൽ നിർമ്മിച്ച ഒരു ഫാന്റസി ആക്ഷൻ ചിത്രമാണ് ഇത്. അനൂപ് ഭണ്ഡാരി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത നടി ജാക്വിലിൻ ഫെർണാണ്ടസും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ജൂലൈ 28ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് ശ്രദ്ധ നേടുന്നത്. ചിത്രം കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസ് ആണ്. കേരളത്തിലെ മുൻനിര ഡിസ്ട്രിബ്യൂഷൻ കമ്പനികളിൽ ഒന്നാണ് വെഫെറർ ഫിലിംസ്. കമ്പനിയുടെ ആദ്യത്തെ പ്രോജക്ട് ആയിരുന്നു അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം. ആദ്യചിത്രം തന്നെ സൂപ്പർ ഹിറ്റ് ആക്കുവാനും കമ്പനിക്ക് കഴിഞ്ഞു.
തീയറ്ററുകളിൽ ഇപ്പോൾ നിറഞ്ഞ കൈയ്യടി നേടി പ്രദർശനം തുടരുന്ന പ്യാലി എന്ന കൊച്ചു സുന്ദര ചിത്രത്തിൻറെ നിർമ്മാണ പങ്കാളി വെഫെറർ ഫിലിംസ് ആണ്. വലിയ ക്യാൻവാസിലുള്ള ചിത്രങ്ങൾക്ക് പിറകെ മാത്രം പോവാതെ, കാമ്പുള്ള കൊച്ചു ചിത്രങ്ങൾ കണ്ടെത്തി നിർമ്മിക്കുന്നതിലും, വിതരണം ചെയ്യുന്നതിലും ഈ കുറച്ചു കാലയളവ് കൊണ്ട് തന്നെ കമ്പനി മികച്ച പേര് നേടി കഴിഞ്ഞു. പൂർണ്ണമായും ത്രീഡിയിൽ ഒരുങ്ങുന്ന വിക്രാന്ത് റോണ എന്ന ചിത്രം മലയാളം ഉൾപ്പെടെ പല ഭാഷകളിൽ പുറത്തുവരുന്നുണ്ട്.
ലോകമെമ്പാടുമുള്ള 6000 സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. ശാലിനി ജാക്ക് മഞ്ജുവും, അലങ്കാർ പാണ്ട്യനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുദീപിന്റെ തന്നെ കിച്ച ക്രിയേഷൻസും സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിയാണ്. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വില്യം ഡേവിഡ് ആണ്. സംഗീതം നിർവഹിച്ചിരിക്കുന്നത് ബി അജീനേഷ് ലോകനാഥ്. പുറത്തിറങ്ങി കുറച്ചു സമയം കൊണ്ട് തന്നെ സിനിമയുടെ ട്രെയിലർ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.