നടി ആക്രമിക്കപ്പെട്ട കേസില്‍ നടിക്കും പ്രോസിക്യൂഷനുമെതിരെ ഗുരുതര ആരോപണവുമായി ദിലീപ് രംഗത്ത്. സുപ്രിംകോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ദിലീപ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. വിഷയം വിചാരണക്കോടതി പരിശോധിച്ചുവരികയാണെന്നും അതിനിടെ അതീജീവിതയെന്ന് പ്രോസിക്യൂഷന് ഉറപ്പിച്ചതെങ്ങനെയെന്നും ദിലീപ് ചോദിച്ചു.
നടിയും സ്വയം അതിജീവിതയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നടിക്കെതിരെ ലൈംഗിക അതിക്രമമാണോ നടന്നത് എന്നതില്‍ സംശയമുണ്ട്. ആക്രമിച്ച് പകര്‍ത്തിയെന്ന് പറയുന്ന ദൃശ്യങ്ങളിലുള്ള സംസാരം സംശയത്തിനിടയാക്കുന്നതാണെന്നും ദിലീപ് പറയുന്നു. കേസിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
നടിക്ക് പുറമേ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ക്കെതിരെയും ദിലീപ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. നടിക്കും മഞ്ജു വാര്യര്‍ക്കും ഡിജിപി റാങ്കിലെ പൊലീസ് ഉദ്യോഗസ്ഥയുമായി അടുത്ത ബന്ധമുണ്ടെന്നും കേസിനു ആധാരം ഈ ബന്ധമാണെന്നുമാണ് ദിലീപ് പറയുന്നത്. ചലച്ചിത്ര രംഗത്തെ ഒരു വിഭാഗമാണ് കുടുക്കാന്‍ ശ്രമിക്കുന്നത്. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ പാടില്ല. പലവിധത്തില്‍ വിചാരണ നീട്ടികൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്നും ദിലീപ് പറഞ്ഞു. താന്‍ നേരിടേണ്ടി വന്ന മാധ്യമ വിചാരണയെക്കുറിച്ചും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.