സുരേഷ് ഗോപി നായകനായി ജോഷി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പാപ്പൻ. മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ചിത്രം ഇപ്പോൾ. ഷമ്മി തിലകനും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിരുന്നു. ചിത്രത്തിൽ ഇരുട്ടന് ചാക്കോ എന്ന കഥാപാത്രത്തെയാണ് ഷമ്മി അവതരിപ്പിച്ചത്.
ഈ കഥാപാത്രം പ്രേക്ഷകർ സ്വീകരിച്ചതിന്റെ എല്ലാ ക്രെഡിറ്റും ജോഷിക്കും സുരേഷ് ഗോപിക്കും ആണ് എന്ന് ഷമ്മി തിലകൻ പറയുന്നു. പല ചിത്രങ്ങളിലും ജോഷിയേട്ടൻ ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ സംവിധാന സഹായിയായി ചില ചിത്രങ്ങളിൽ ജോലി ചെയ്തു. താൻ വളരെ അടുത്ത് അറിഞ്ഞിട്ടുള്ള ഒരു സംവിധായകനാണ് അദ്ദേഹം. പാപ്പൻ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ അദ്ദേഹം നേരിട്ടാണ് വിളിച്ചത്.
അപ്പോൾ തന്നെ ആ കഥാപാത്രത്തിന് എത്രത്തോളം പ്രാധാന്യം ഉണ്ടാവും എന്ന് മനസ്സിലായി. സുരേഷ് ഗോപി എന്ന നടൻറെ വലിയ മാറ്റം തനിക്ക് നേരിൽ കാണുവാൻ പറ്റി. താൻ അവതരിപ്പിക്കുന്ന കഥാപാത്രം അദ്ദേഹത്തിൻറെ അടുത്തുനിന്നും ഭൂതകാലത്തെ കുറിച്ച് പറയുന്ന സംഭാഷണം ഉണ്ട്. തന്റെ കണ്ണിൽ നോക്കി അദ്ദേഹം അഭിനയിച്ചപ്പോൾ ആ കണ്ണുകളിൽ നിന്ന് ഉള്ളിൽ എന്താണ് സംഭവിക്കുന്നത് എന്ന് അത്ഭുതപ്പെട്ടുപോയി. സുരേഷ് ഗോപി എന്ന നടനു മുന്നിൽ പിടിച്ചുനിൽക്കാൻ കഷ്ടപ്പെട്ട രംഗമാണ് അത്.
വലിയ അനുഭവം തന്നെയാണ് ചിത്രം തനിക്ക് സമ്മാനിച്ചത്. താൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. നല്ലതു കൊടുത്താൽ ജനങ്ങൾ സ്വീകരിക്കും എന്നുള്ളതിന്റെ തെളിവു കൂടിയാണ് ഈ സിനിമയുടെ വിജയം. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത് ഇങ്ങനെ.