നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡി.ജി.പി ആര് ശ്രീലേഖയെ ചോദ്യംചെയ്യണമെന്ന് അന്വേഷണസംഘം കോടതിയില്‍. തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇനിയും സമയം വേണമെന്നും ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍ വ്യക്തമാക്കി.
കേസില്‍ നടന് ദിലീപിനെ പിന്തുണച്ച് ശ്രീലേഖ രംഗത്തുവന്നത് വന്‍ വിവാദമായിരുന്നു. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖ വെളിപ്പെടുത്തല്‍ നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നായിരുന്നു ശ്രീലേഖ പറഞ്ഞത്. പള്‍സര്‍ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ല. കേസ് നിലനില്‍ക്കില്ല എന്ന ഘട്ടം വന്നപ്പോള്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത വെറും ഊഹാപോഹങ്ങളുമായി എത്തിയ ബാലചന്ദ്രകുമാറിനെപ്പോലുള്ള സാക്ഷികളെക്കൊണ്ട് മാധ്യമങ്ങളുടെ സഹായത്താല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്ക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തതാണ്. അക്കാര്യം പൊലീസുകാര്‍ തന്നെ സമ്മതിച്ചതാണെന്നും ശ്രീലേഖ പറയുന്നു. ദിലീപിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചയില്‍ പലര്‍ക്കും അസൂയ ഉണ്ടായിരുന്നു. അയാള്‍ ചെയ്തിരുന്ന പല കാര്യങ്ങളിലും അന്ന് വളരെ ശക്തരായ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. നടി ആഖ്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മ ഒരു യോഗം വിളിച്ചു ചേര്‍ത്തിരുന്നു. അതിലാണ് ഗൂഢാലോചന ആരോപണം ആദ്യമായി ഉയര്‍ന്നുവന്നത്. പിന്നെ ദിലീപിനെ പ്രതിയാക്കുള്ള വാര്‍ത്തകളാണ് പത്രത്തില്‍ കാണുന്നതെന്നും ശ്രീലേഖ പറഞ്ഞിരുന്നു.