കടുവ സിനിമയുടെ ബന്ധപ്പെട്ട വിവാദത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ നായകന് പൃഥ്വിരാജും സംവിധായകന് ഷാജി കൈലാസും തിരക്കഥകൃത്ത് ജിനു എബ്രഹം, നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അണിയറപ്രവര്‍ത്തര്‍ മാപ്പ് പറഞ്ഞത്.
ചിത്രത്തിലെ വിവാദമായ പരാമര്‍ശം എഡിറ്റ് ചെയ്ത് മാറ്റുമെന്നും പുതിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരത്തിനായി നല്‍കുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് ഇത്തരത്തില്‍ ഒരു വിവാദം ഉണ്ടെന്നും ഞങ്ങള്‍ തെറ്റുകാരണെന്നും തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സെന്‍സര്‍ നിയമമനുസരിച്ച് സിനിമയുടെ ഒരു ഭാഗം മാറ്റുന്നുണ്ടെങ്കില്‍ സെന്‍സര്‍ ബോര്‍ഡിന് അയച്ച് അംഗീകാരം വാങ്ങിയ ശേഷം മാത്രമേ ക്യൂബിലേക്കും മറ്റും അപ്ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളു. ഇന്നലെ ഞായറാഴ്ച ആയത് കൊണ്ട് ഇതിന് സാധിച്ചിരുന്നില്ല. ഇന്ന് തിങ്കളാഴ്ച സെന്‍സറിംഗിന് മാറ്റിയ ഭാഗം കൊടുക്കുകയും സെന്‍സര്‍ ചെയ്ത് ലഭിച്ചാല്‍ മാറ്റിയ ഭാഗം ഇന്ന് രാത്രിയോടെ തന്നെ തീയറ്ററുകളില്‍ മാറ്റുമെന്നും പൃഥ്വിരാജ് വിശദീകരിച്ചു.
കടുവ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിലെ ഒരു ഭാഗത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പൃഥ്വിരാജിന്റെ കഥാപാത്രം വിവേക് ഒബ്റോയിയുടെ വില്ലന്‍ കഥാപാത്രത്തോട് പറയുന്ന ഡയലോഗാണ് വിവാദമായത്. മാതാപിതാക്കള്‍ ചെയ്ത പാപങ്ങളുടെ ഫലമാണ് ഭിന്നശേഷിയുള്ള കുട്ടികള്‍ ജനിക്കുന്നതെന്നായിരുന്നു ഡയലോഗ്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.