കണ്ണൂരില്‍ പശുവിന് പേയിളകി. ആയിക്കരയിലാണ് സംഭവം. ഇവിടെ അലഞ്ഞ് നടന്നിരുന്ന പശുവിനാണ് പേയിളകിയത്. ഇതേ തുടര്‍ന്ന് പശുവിനെ ദയാവധം നടത്തി. പശുവിന്റെ ശരീരത്തില്‍ നായ കടിച്ച പാടുകളുണ്ടായിരുന്നു. ചാകുന്നതിന് മുന്‍പായി പശു അക്രമാസക്തമായിരുന്നു. പശുവിന്റെ ആക്രമണത്തില്‍ മൂന്ന് പ്രദേശവാസികള്‍ക്ക് പരുക്കേറ്റിരുന്നു. ഇവര്‍ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസം എച്ചിപ്പാറയില്‍ നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ വെടിവച്ചുകൊന്നിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവാണ് പേവിഷബാധയേറ്റതിനെ തുടര്‍ന്ന് കൊന്നത്. പേയിളകിയതിന്റെ ലക്ഷണങ്ങള്‍ കാണിച്ച പശു തോട്ടത്തില്‍ അക്രമാസക്തമായി പാഞ്ഞു നടന്നു. ഇതിന് പിന്നാലെയാണ് അധികൃതര്‍ എത്തി വെടിവച്ചു കൊന്നത്.
കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനിനിവാസി മനയ്ക്കല്‍ പാറു (60) പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവര്‍ക്ക് നായുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളര്‍ത്തുമൃഗങ്ങള്‍ക്കും തോട്ടത്തില്‍ മേയുന്ന പശുക്കള്‍ക്കും പേവിഷബാധയേറ്റതായി സംശയിച്ചിരുന്നു. പ്രദേശത്ത് കടിയേറ്റ വളര്‍ത്തു നായകളെ അനിമല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ നിരീക്ഷിച്ചുവരികയാണ്.