നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നത് കണ്ടെത്തണമെന്ന് വിചാരണക്കോടതി. ജിയോ സിം ഉള്ള വിവോ ഫോണ്‍ ആരുടേതെന്നും കോടതി ചോദിച്ചു. മെമ്മറി കാര്‍ഡ് വിവോ ഫോണ്‍ ഉപയോഗിച്ച് പരിശോധിച്ചവരെ എത്രയും വേഗത്തില്‍ കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
മെമ്മറി കാര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രമാണ് കൈകാര്യം ചെയ്ത്. പലതവണ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും താന്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ല. തനിക്ക് ദൃശ്യങ്ങള്‍ കാണണമെന്ന പ്രത്യേക താത്പര്യമില്ല. അന്വേഷണ ഉദ്യോഗസ്ഥന് നാല് തവണ ആവശ്യപ്പെട്ടിട്ടും താന്‍ പറഞ്ഞത് ബിഗ് നോ. വിചാരണ ഘട്ടത്തില്‍ ആവശ്യമെങ്കില്‍ മാത്രമാണ് ദൃശ്യങ്ങള്‍ പരിശോധിക്കുകയെന്നും ജഡ്ജി വ്യക്തമാക്കി. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശമുണ്ടോയെന്നും വിചാരണക്കോടതി ജഡിജി ചോദിച്ചു. കേസ് ചൊവ്വാഴ്ച്ച കോടതി പരിഗണിക്കും.
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ്വാല്യൂ മാറിയത് കേസിന്റെ ഗതിയെ തന്നെ മാറ്റിയിരിക്കുകയാണ്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രാത്രിയിലടക്കം മൂന്ന് തവണ തുറന്ന് പരിശോധിച്ചതായാണ് ഫൊറന്‍സിക് പരിശോധനാ ഫലം. 2018 ജനുവരി 9 നാണ് ആദ്യം ഹാഷ് വാല്യു മാറിയിരിക്കുന്നത്. അന്നേദിവസം രാത്രി 9.58 ന് ഒരു കമ്പ്യൂട്ടറിലിട്ടാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചിരിക്കുന്നത്. 2018 ഡിസംബര്‍ 13 നാണ് ഹാഷ് വാല്യൂ പിന്നീട് മാറിയത്. 2021 ജൂലൈ 19 നാണ് അവസാനമായി പരിശോധിച്ചിരിക്കുന്നത്. ആ ദിവസം ഉച്ചയ്ക്ക് 12.19 മുതല്‍ 12. 54 വരെയുളള സമയത്ത് ഒരു വിവോ ഫോണിലിട്ടാണ് മെമ്മറി കാര്‍ഡ് തുറന്നത്.
എട്ട് വിഡിയോ ഫയലുകളാണ് മെമ്മറി കാര്‍ഡില്‍ ഉള്ളത്. വാട്സ്ആപ്, ടെലിഗ്രാം അടക്കമുളള സാമൂഹ്യമാധ്യമ ആപ്പുകളും ഈ സമയം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രോസിക്യൂഷന് നിഗമനമനുസരിച്ച് ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ പക്കലും രണ്ടാമത് എറണാകുളം ജില്ലാ കോടതിയുടെ പക്കലും ഒടുവില്‍ വിചാരണക്കോടതിയുടെ പക്കലും ഉണ്ടായിരുന്നപ്പോഴാണ് ഹാഷ് വാല്യു മാറിയത്. രാത്രി സമയങ്ങളില്‍ പോലും മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചതാരാണ് എന്നാണ് സംശയം ഉയരുന്നത്.