വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വിദേശകാര്യമന്ത്രിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. ഇത്രയും തിരക്കുള്ള, ലോകകാര്യങ്ങള്‍ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്ളൈഓവര്‍ കാണാന്‍ വന്നതിനു പിന്നിലുള്ള ചേതോവികാരം എല്ലാവര്ക്കും മനസ്സിലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം ഉള്‍ക്കൊള്ളുന്ന മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏല്പിച്ചിരിക്കുന്നുവെന്നാണ് പുറത്തുകേള്ക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ജയശങ്കര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായിരുന്നു. അദ്ദേഹം ഒരു ഫ്ളൈഓവറിന്റെ മുകളില്‍നിന്ന് നോക്കുന്ന കാഴ്ച ഇന്ന് മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത്രയും തിരക്കുള്ള മന്ത്രി കഴക്കൂട്ടത്തെ ഫ്ളൈഓവര്‍ കാണാന്‍ വന്നു എന്നു പറയുമ്പോള്‍ അതിനു പിന്നിലുള്ള ചേതോവികാരം എന്താണെന്ന് വേഗംതന്നെ നമ്മുടെ നാട്ടുകാര്‍ക്കെല്ലാം മനസിലാകും. അത് ചിലതിന്റെയെല്ലാം തുടക്കം മാത്രമാണെന്നു മാത്രമാണ് ഇപ്പോള്‍ പറയാനുള്ളത്. ഒരുപാട് കാര്യങ്ങള്‍ തീര്‍ക്കാനുള്ള ഘട്ടത്തിലും അതെല്ലാം മാറ്റിവച്ച് ഫ്ളൈഓവര്‍ നോക്കാന്‍ വേണ്ടി കേരളത്തില്‍ വന്നെങ്കില്‍ അത് കേവലമായൊരു ഫ്ളൈഓവര്‍ നോട്ടത്തിനു മാത്രമല്ല എന്നു നാം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ജയശങ്കര്‍ തിരുവനന്തപുരത്തെത്തിയത്. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിന്റെ ആദ്യദിനമായിരുന്നു കഴക്കൂട്ടം ഫ്ളൈഓവറിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രി എത്തിയത്.