തിരുവനന്തപുരം: സിപിഐഎം ഭരണകൂടം കള്ള കേസിൽ കുടുക്കി ക്രൂരമായി വേട്ടയാടിയാൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഭാവിയിൽ കേരള മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
സിപിഐഎമ്മിന്റെ ക്രൂര ആക്രമണങ്ങൾക്ക് വിധേയമായവർ മുഖ്യമന്ത്രിയായിട്ടുണ്ടെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിലാണ് ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം.
മുപ്പത്തിയഞ്ചു വർഷം മുമ്പ് ബംഗാളിൽ സിപിഐഎം ഭരണത്തിൽ ഇരിക്കുമ്പോൾ, നിഷ്ഠൂരമായ പൊലീസ് വേട്ടയ്ക്കും ഗുണ്ടാ ആക്രമണത്തിനും ഇരയായ അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മമതാ ബാനർജി പിന്നീട് ബംഗാൾ മുഖ്യമന്ത്രിയായി.
1967 ൽ സിപിഐഎം ഭരണകാലത്ത് പൊലീസിന്റെയും ആക്രമണത്തിന് വിധേയരായ അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എ കെ ആന്റണിയും കെ എസ് യു പ്രസിഡന്റ് ഉമ്മൻ ചാണ്ടിയും കേരള മുഖ്യമന്ത്രിമാരായി എന്നും ഉദാഹരണമായി ചെറിയാൻ ഫിലിപ്പ്പറഞ്ഞു.
കേരളത്തിലെ സിപിഐഎമ്മുകാർ ബംഗാളിലെ പോലെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്കാണ് നീങ്ങുന്നത് എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.