തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന് ദേവും തമ്മിലുള്ള വിവാഹം സെപ്റ്റംബര്‍ നാലിന് നടക്കും. തിരുവനന്തപുരം എ.കെ.ജി ഹാളില്‍ രാവിലെ 11 മണിക്കാണ് വിവാഹച്ചടങ്ങ്. രണ്ടു ദിവസത്തിനു ശേഷം കോഴിക്കോട് റിസപ്ഷന് നടത്തും.
മാര്‍ച്ച് ആറിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പാര്‍ട്ടി നേതാക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ബാലസംഘ കാലം മുതലേ പരിചയക്കാരാണ് ആര്യയും സച്ചിനും. ആ സൗഹൃദമാണ് വിവാഹത്തില്‍ എത്തിയത്.
സച്ചിന്‍ദേവ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയാണ്. ആര്യ രാജേന്ദ്രനാകട്ടെ രാജ്യത്തെ പ്രായം കുറഞ്ഞ മേയറും. കോഴിക്കോട് സ്വദേശിയാണ് സച്ചിന് ദേവ്. സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. നിയമ ബിരുദധാരിയാണ് സച്ചിന്. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.ഐ.എം ചാല ഏരിയ കമ്മിറ്റി അംഗവുമായ ആര്യ 21-ാം വയസിലാണ് മേയറായത്. തിരുവനന്തപുരം ആള് സെയിന്റ്സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് മേയറായത്.