അരിക്കൊമ്പന്‍ കുമളി ഭാഗത്ത് എത്തി; ആകാശത്തേക്ക് വെടിയുതിര്‍ത്ത് തുരത്തി-സ്ഥലം മനസ്സിലാക്കിയതിനാല്‍ തിരികേ വരുമെന്ന ഭീതിയില്‍ വനപാലകര്‍

കുമളി; ചിന്നക്കനാലില്‍നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട കാട്ടാന അരിക്കൊമ്പന്‍, കുമളിയിലെ ജനവാസ മേഖലയിലെത്തി.
ജനവാസമേഖലയ്ക്ക് 100 മീറ്റര്‍ അടുത്ത് റോസാപ്പൂകണ്ടം ഭാഗത്താണ് ആന എത്തിയത്.

ഇന്നലെ രാത്രി പതിനൊന്നു മണിക്കു ശേഷമാണ് അരിക്കൊമ്പനെ ഇവിടെ കണ്ടത്. ജിപിഎസ് സിഗ്‌നലുകളില്‍ നിന്നാണ് അരിക്കൊമ്പന്റെ സാന്നിധ്യം മനസിലാക്കിയത്.

എന്നാല്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ശബ്ദമുണ്ടാക്കി ആനയെ കാട്ടിലേക്ക് തന്നെ തുരത്തിയതായി വനം വകുപ്പ് അറിയിച്ചു. എന്നാല്‍ എത്ര ദൂരത്തോളം ആന പോയി എന്നത് വ്യക്തമല്ല.

സ്ഥലം മനസ്സിലാക്കിയതിനാല്‍ അരിക്കൊമ്പന്‍ ഇനിയും ഇവിടെക്ക് വരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അതിനാല്‍ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് ശക്തമാക്കിയതായി വനംവകുപ്പ് അറിയിച്ചു.

ഇന്നലെ രാവിലെ അരിക്കൊമ്പന്‍ കുമളിക്ക് സമീപം വരെ എത്തിയിരുന്നു. ആകാശദൂരം അനുസരിച്ച് കുമളിക്ക് ആറു കിലോമീറ്റര്‍ വരെ അടുത്തെത്തിയ ശേഷം മേദകാനം ഭാഗത്തേക്ക് മടങ്ങിയെന്നായിരുന്നു വിവരം. പിന്നീട് രാത്രിയാണ് ജനവാസമേഖലയ്ക്ക് സമീപമെത്തിയത്.

അതേസമയം ഏഴ് ദിവസം മുന്‍പാണ് ആന തമിഴ്നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. വനപാലകര്‍ക്കു വേണ്ടി നിര്‍മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പന്‍ തകര്‍ത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.