എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥിയില്‍ നിന്ന് ഉണ്ടായ മോശം അനുഭവത്തില്‍ പ്രതികരിച്ച് നടി അപര്‍ണ ബാലമുരളി. വിദ്യാര്‍ത്ഥിയുടെ ഭാഗത്തു നിന്നും ഉണ്ടായ പെരുമാറ്റം മര്യാദയല്ലെന്നും എന്നാല്‍ സംഘാടകരോട് പരിഭവമില്ലെന്നും താരം വ്യക്തമാക്കി. യൂണിയന് ഉദ്ഘാടനവുമായി ബന്ധപ്പെട്ടും സിനിമ പ്രെമോഷനും കൂടിയാണ് നടി അപര്‍ണ ബാലമുരളിയും വിനീത് ശ്രീനിവാസനും ലോ കോളേജില്‍ എത്തിയത്.
‘ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാര്‍ഥി മനസ്സിലാക്കിയില്ലെന്നത് ഗുരുതരമാണ്. കൈപിടിച്ച് എഴുന്നേല്‍പ്പിച്ചത് തന്നെ ശരിയല്ല. പിന്നീട് കൈ ദേഹത്തുവെയ്ക്കുകയും നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതൊന്നും ഒരു സ്ത്രീയോടും കാണിക്കേണ്ട മര്യാദയല്ല. പിന്നാലെ പോകാന്‍ സമയമില്ല എന്നതുകൊണ്ടുതന്നെ പരാതിപ്പെടുന്നില്ല. സംഘാടകരോട് പരിഭവമില്ല, സംഭവം നടന്ന ഉടനെ തന്നെ അവര്‍ ഖേദം പ്രകടിപ്പിച്ചിരുന്നതായും അപര്‍ണ വ്യക്തമാക്കി.
ഉദ്ഘാടനത്തിനിടെയാണ് ഒരു വിദ്യാര്‍ത്ഥി സ്റ്റേജില്‍ കയറി പൂവ് കൊടുത്തതിന് പിന്നാലെ താരത്തെ ചേര്‍ത്തു പിടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതില്‍നിന്ന് പിന്മാറുകയായിരുന്നു അപര്‍ണ. ശേഷം വിദ്യാര്‍ത്ഥി വീണ്ടും വന്നു ആരാധന കൊണ്ടാണെന്നും വേറെ ഒന്നും വിചാരിച്ചിട്ടൊന്നും അല്ലെന്നും പറഞ്ഞിരുന്നു. ഈ സമയത്ത് വിദ്യാര്‍ത്ഥി അപര്‍ണക്ക് കൈ കൈ കൊടുക്കാന്‍ ശ്രമിച്ചെങ്കിലും കൈ മാറ്റുകയായിരുന്നു നടി.
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ലോ കോളേജ് യൂണിയനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
‘എറണാകുളം ഗവ. ലോ കോളേജില്‍ ഇന്ന് (18/01/2023) നടന്ന യുണിയന്‍ ഉദ്ഘാടന ചടങ്ങില്‍ സിനിമ താരത്തിന് നേരെ വിദ്യാര്‍ത്ഥികളില്‍ ഒരാളില്‍ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണ്. സംഭവ സമയത്ത് തന്നെ യൂണിയന് ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാന്‍ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തില്‍ കോളേജ് യൂണിയന് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരമൊരു വിഷയത്തെ യൂണിയന് ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്’ എന്നുമാണ് യൂണിയന് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ വ്യക്തമാക്കിയത്.