തന്റെ ചിത്രങ്ങളുടെ പരാജയത്തില്‍ വിശദീകരണവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. ചിത്രങ്ങള്‍ തീയറ്ററില്‍ വിജയിക്കാത്തതില്‍ മറ്റാരെയും കുറ്റപ്പെടുത്താനില്ലെന്ന് താരം പറയുന്നു. സിനിമകള്‍ വിജയിക്കാത്തത് തന്റെ തെറ്റാണെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ കട്ട്പ്പുട്ലിയുടെ ട്രെയ്ലര് ലോഞ്ചില്‍വച്ചായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം.
കൊവിഡ് സമയത്ത് നിരവധി സിനിമകള്‍ തന്റേതായി ചിത്രീകരിച്ചിരുന്നു. തീയറ്റര്‍ അടച്ചതുകൊണ്ട് ഒരുപാട് സിനിമകള്‍ റിലീസ് ചെയ്യാനായില്ല. ലോക്ഡൗണ്‍ സമയത്തും ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. നമ്മള് ജോലി ചെയ്തുകൊണ്ടെ ഇരുന്നു, അങ്ങനെ സിനിമകള്‍ ഒരുപാട് കൂടി വന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ റിലീസ് ചെയ്യാന്‍ സാധിക്കാതെ തന്റെ നാല് സിനിമകളാണ് പൂര്‍ത്തിയായി കിടന്നിരുന്നത്. കൊവിഡ് ഇല്ലായിരുന്നെങ്കില്‍ ഈ അവസ്ഥ വ്യത്യസ്തമായിരുന്നേനെ. അപ്പോള്‍ തന്റെ സിനിമകള്‍ നാല് മാസമെങ്കിലും ഇടവെട്ട് മാത്രമെ റിലീസ് ചെയ്യുമായിരുന്നുള്ളുവെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
ഒടിടി റിലീസ് ഒരിക്കലും സെയ്ഫ് ആണെന്ന് പറയാന്‍ സാധിക്കില്ല. കാരണം അതും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണം. ഒന്നും സുരക്ഷിതമല്ല, ഒടിടിയിലെ ചിത്രങ്ങളും പ്രേക്ഷകര്‍ കാണുന്നുണ്ട്. മാധ്യമങ്ങളും നിരൂപകരും കാണുന്നുണ്ട്. അവര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. അക്ഷയ് കുമാറിന്റേതായി അടുത്തിടെ ഇറങ്ങിയ ബച്ചന് പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധന് എന്നീ സിനിമകള്‍ ബോക്സ് ഓഫിസില്‍ വന്‍ പരാജയമായിരുന്നു. ഇതോടെയാണ് താരത്തിന്റെ പ്രതികരണം.