ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനവുമായി മുന്‍ യു.പി മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. യോഗി ആദിത്യനാഥ് പൂര്‍ണ പരാജയമാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഒരാള്‍ക്കും ഇനി അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിക്കില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഭഗവാന് കൃഷ്ണന് എല്ലാ ദിവസവും തനിക്ക് സ്വപ്നത്തില്‍ ദര്‍ശനം നല്‍കാറുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്.പി പാര്‍ട്ടി ജയിക്കുമെന്ന് ഭഗവാന് കൃഷ്ണന് പറയാറുണ്ടെന്നും യാദവ് അവകാശപ്പെട്ടു. ബി.ജെ.പി രാജ്യസഭാ എം.പി ഹര്‍നാഥ് സിംഗ് ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദക്ക് അയച്ച കത്തിലെ പരാമര്‍ശത്തിനുള്ള മറുപടിയായാണ് അഖിലേഷിന്റെ പ്രസ്താവന. മഥുര സീറ്റില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ നിര്‍ത്തണമെന്നും അവിടെ യോഗി നിന്നാല്‍ വിജയം സുനിശ്ചിതമാണെന്നു ശ്രീകൃഷ്ണന് തനിക്ക് സ്വപ്ന ദര്‍ശനം നല്‍കിയെന്നും കത്തില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി എവിടെ മത്സരിക്കാന്‍ പറഞ്ഞാലും അവിടെ മത്സരിക്കാനിറങ്ങും എന്നാണ് യോഗിയുടെ നിലപാട്.
2012 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു അഖിലേഷ് യാദവ്. 2019ല്‍ അസംഗഡ് മണ്ഡലത്തില്‍ നിന്നാണ് അഖിലേഷ് ലോക്സഭയിലേക്ക് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയും എസ്.പിയും തമ്മില്‍ രൂക്ഷമായ വാക്പോരാണ് നടക്കുന്നത്.