തെന്നിന്ത്യന്‍ താരം മീനയുടെ ഭര്‍ത്താവും ബംഗളൂരുവില്‍ വ്യവസായിയുമായ വിദ്യാസാഗറിന്റെ സംസ്കാരം നടന്നു. ചെന്നൈ ബസന്റ് നഗര്‍ ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. നടന് രജനീകാന്ത് ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകരും സുഹൃത്തുക്കളും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. പ്രസന്ന, സ്നേഹ, മലയാളി താരം റഹ്മാന്, രംഭ, ഖുശ്ബു, സുന്ദര്‍ സി, പ്രഭുദേവ, ലക്ഷ്മി, നാസര്‍, മന്‍സൂര്‍ അലിഖാന് തുടങ്ങിയവര്‍ മീനയെ ആശ്വസിപ്പിക്കാന്‍ എത്തി. മലയാള ചലച്ചിത്ര സംഘടനയായ അമ്മയ്ക്ക് വേണ്ടി നടന് കൈലാഷ് പുഷ്പചക്രം സമര്‍പ്പിച്ചു.
ഇന്നലെയാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ മരിച്ചത്. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിദ്യാസാഗര്‍. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് വിദ്യാസാഗര്‍ മരിച്ചതെന്നായിരുന്നു ചില മാധ്യമങ്ങള്‍ നല്കിയ വാര്‍ത്ത. ഇതിനെതിരെ തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യം അടക്കം രംഗത്തുവന്നിരുന്നു. വാര്ത്തകയ്ക്കെതിരെ നടി ഖുശ്ബുവും വിമര്‍ശനം ഉന്നയിച്ചിരുന്നു. കൊവിഡല്ല വിദ്യാസാഗറിന്റെ മരണകാരണമെന്നും ഇത്തരം വാര്‍ത്തകള്‍ നല്കുമ്പോള് മാധ്യമങ്ങള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും ഖുശ്ബു പറഞ്ഞിരുന്നു.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു വിദ്യാസാഗര്‍. മൂന്ന് മാസം മുന്‍പ് കൊവിഡ് ബാധിച്ചിരുന്നുവെങ്കിലും ഭേദമായിരുന്നു. കൊവിഡ് ശ്വാസകോശത്തിന്റെ നില ഗുരുതരമാക്കിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അവയവദാതാവിനെ ലഭിച്ചിരുന്നില്ല.
2009 ജൂലൈ പന്ത്രണ്ടിനായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. അടുത്ത മാസം ഇവര്‍ വിവാഹിതരായിട്ട് പതിമൂന്ന് വര്‍ഷം തികയുകയായിരുന്നു. നൈനികയാണ് മകള്‍. മലയാളത്തില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലാണ് മീന അവസാനമായി അഭിനയിച്ചത്.