നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. ഇതിന് പിന്നാലെ പ്രതികള്‍ കുറ്റം നിഷേധിച്ചു. മന്ത്രി വി. ശിവന്‍കുട്ടി അടക്കം അഞ്ച് പ്രതികളാണ് കുറ്റം നിഷേധിച്ചത്. കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. രാവിലെ തന്നെ വി. ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ കോടതിയിലെത്തി. വി. ശിവന്‍കുട്ടിയെ കൂടാതെ കെ.ടി.ജലീല്‍, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്, കെ അജിത്കുമാര്‍, കുഞ്ഞഹമ്മദ് എന്നിവരാണ് ഇന്ന് ഹാജരായത്.എല്‍.ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് ഹാജരായില്ല.
നിയസഭയിലുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ തങ്ങള്‍ക്ക് ഇതുവരെ നല്‍കിയില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ഇതോടെ കേസ് പരിഗണിക്കുന്നത് സെപ്റ്റംബര്‍ 26ലേക്ക് മാറ്റി. 26ന് ഇ.പി ജയരാജന് ഹാജരാകുമെന്നാണ് വിവരം.
കുറ്റപത്രം വായിച്ച് കേട്ടശേഷം പ്രതികരിക്കാമെന്നും കുറ്റപത്രം ഏകപക്ഷീയമാണെങ്കില്‍ നിരപരാധിത്വം തെളിയിക്കുമെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. നേരത്തെ പ്രതികള്‍ വിചാരണ നടപടിക്ക് ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് ഹാജരാകണമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി അന്ത്യശാസനം നല്‍കിയത്. ഇല്ലെങ്കില്‍ വാറന്റ് പുറപ്പെടുവിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
2015 മാര്‍ച്ച് 13നാണ് ഇടതുപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധം കയ്യാങ്കളിയില്‍ കലാശിച്ചത്. അന്നത്തെ ധനകാര്യ മന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനായിരുന്നു പ്രതിഷേധം. രണ്ട് ലക്ഷത്തി പതിനാലായിരം രൂപയുടെ നാശനഷ്ടം നിയമസഭയ്ക്കുണ്ടാക്കി എന്നാണ് പൊലീസ് കേസ്.