ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് അംഗം സ്വാമി ഗുരുപ്രസാദിനെതിരെ പീഡനപരാതി. അമേരിക്കയില്‍ നേഴ്സായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശിയാണ് പരാതി നല്‍കിയത്. നാട്ടിലെത്തി യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി.
വടക്കന്‍ അമേരിക്കയില്‍ ശിവഗിരി മഠത്തിന്റെ ആശ്രമം സ്ഥാപിക്കുന്നതിന് വേണ്ടി യുഎസിലെ ടെക്സസില്‍ എത്തിയപ്പോഴാണ് സ്വാമി ഗുരുപ്രസാദ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. 2019 ജൂലൈ 19ന് ടെക്സസിലെ തന്റെ വീട്ടില്‍ അതിഥിയായെത്തിയ സമയത്ത് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും ശാരീരികമായി ആക്രമിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. പിന്നീട് ഇയാള്‍ യുവതിക്ക് സ്വന്തം നഗ്ന വീഡിയോകള്‍ അയക്കുകയും ചെയ്തു. നഗ്നമായി യോഗ ചെയ്യുന്ന വീഡിയോയാണ് വാട്ടസാപ്പില്‍ അയച്ചു നല്‍കിയത്.
മഠത്തില്‍ പരാതി നല്‍കിയതോടെ ഭര്‍ത്താവിനെയും യുവതിയെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ശിവഗിരി മഠം നടപടിയെടുക്കുമെന്ന ഘട്ടത്തില്‍ തനിക്കെതിരെ അമേരിക്കയില്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നെന്നും യുവതി പറഞ്ഞു. എന്നാല്‍ കേസ് കോടതി തള്ളുകയും കോടതി ചെലവിനായി 30 ലക്ഷം രൂപ യുവതിക്കും ഭര്‍ത്താവിനും നല്കാന് ഉത്തരവിട്ടെന്നും പരാതിയിലുണ്ട്.