വെള്ളക്കെട്ടിലൂടെ അപകടകരമാം വിധം കെഎസ്ആര്‍ടിസിബസ് ഓടിച്ച് സസ്പെന്‍ഷനിലായ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. അച്ചടക്ക നടപടി നിലനിര്‍ത്തി ജയദീപിനെ ഗുരുവായൂരിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. ഏഴ് മാസത്തെ സസ്പെന്ഷന് കഴിഞ്ഞാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്.
വെള്ളക്കെട്ടിലൂടെ അപകടകരമാം വിധം കെഎസ്ആര്‍ടിസി ബസ് ഓടിച്ചതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയുടെ മുന്നിലുളള റോഡില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങിയത്. യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ജയദീപ് സെബാസ്റ്റ്യനെ ഗതാഗത വകുപ്പ് അന്ന് സസ്പെന്‍ഡ് ചെയ്തത്.
വിവാദത്തിന് പിന്നാലെ ജയദീപ് സോഷ്യല്‍മീഡിയയിലൂടെ സര്‍ക്കാരിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരുന്നു. താന്‍ ആളുകളെ രക്ഷിക്കാനാണ് നോക്കിയതെന്നും സസ്പെന്ഷന് പിന്നില്‍ രാഷ്ട്രീയമാണെന്നുമായിരുന്നു ജയദീപിന്റെ ആരോപണം. ഗതാഗത മന്ത്രി ആന്റിണി രാജു നേരിട്ട് ഇടപ്പെട്ടാണ് ജയദീപിനെ സസ്പെന്ഷന് നല്‍കിയത്. നടപടിക്കെതിരെ തബല കൊട്ടിയും പോസ്റ്റുകളെഴുതി ഇട്ടുമാണ് ജയദീപ് പ്രതിഷേധം അറിയിച്ചത്.