വയനാട് മാനന്തവാടിയില്‍ ആര്‍ടിഒ ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് മോട്ടോര്‍ വാഹന വകുപ്പ്. അന്വേഷണത്തിന് മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് കമ്മിഷണര്‍ കല്പറ്റയിലെത്തും. സംഭവത്തില്‍ സബ് ഓഫിസ് ചുമതലയുള്ള ജോയിന്റ് ആര്‍ടിഒ ബിനോദ് കൃഷ്ണയെ വിളിച്ചു വരുത്താനാണ് തീരുമാനം.
കഴിഞ്ഞ ദിവസമാണ് മാനന്തവാടി സബ് ആര്‍ടിഒ ഓഫിസിലെ സീനിയര്‍ ക്ലര്‍ക്കായിരുന്ന സിന്ധു ആത്മഹത്യ ചെയ്തത്. ഒന്‍പത് വര്‍ഷമായി മാനന്തവാടി സബ് ആര്‍ടിഒ ഓഫിസില്‍ ജീവനക്കാരിയായിരുന്നു സിന്ധു. മാനന്തവാടി സബ് ആര്‍ടിഒ ഓഫിസിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണമാണ് സഹോദരി ആത്മഹത്യ ചെയ്തതെന്ന് സഹോദരന് നോബിള്‍ ആരോപിച്ചിരുന്നു. ഓഫിസില്‍ കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തത് ഉദ്യോഗസ്ഥരുടെ പകയ്ക്ക് കാരണമായെന്നും തന്നെ ഒറ്റെപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി സിന്ധു പറഞ്ഞിരുന്നുവെന്നും സഹോദരന് പറഞ്ഞിരുന്നു.
സഹപ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി സിന്ധുവടങ്ങുന്ന 5 ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസം മുന്‍പ് വയനാട് ആര്‍ടിഒ മോഹന്‍ദാസിനെ നേരില്‍ കണ്ടിരുന്നു എന്ന് കണ്ടെത്തിയിരുന്നു. മാനന്തവാടി ഓഫിസില്‍ സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷമുണ്ടാകണമെന്നും ഓഫിസില്‍ ഗ്രൂപ്പിസമുണ്ടെന്നും ഇവര്‍ പരാതു ഉന്നയിച്ചിരുന്നു. എന്നാല്‍ സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് വയനാട് ആര്‍ടിഒയുടെ വാദം.