തിരുവനന്തപുരം നഗരത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ സംബന്ധിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളില്‍ വിശദീകരണവുമായി നടി അഹാന കൃഷ്ണ. 18 വാക്കുകള്‍ മാത്രമുള്ള തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ രണ്ട് വ്യത്യസ്തമായ ചിന്തകള്‍ മാത്രമാണ് പങ്കുവച്ചതെന്നും കൊറോണ അല്ലെങ്കില്‍ കോവിഡ് എന്നീ പദങ്ങള്‍ പോലും താന്‍ ഉപയോഗിച്ചിട്ടില്ലെന്നും അഹാന പറഞ്ഞു. ഒരു മാധ്യമപ്രവര്ത്തകന് വളച്ചൊടിച്ച പ്രസ്താവനയുടെ വിശദീകരണമാണ് ആളുകള്‍ ഇപ്പോള്‍ തന്നോട് ചോദിക്കുന്നതെന്നാണ് അഹാന പറയുന്നത്.
“ലോക്ഡൗണിന്റെ ആവശ്യമില്ലെന്നു ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. എന്റെ ആ സ്റ്റോറിയില്‍ ഒരു പ്രസ്താവനയോ നിഗമനമോ ഇല്ല.ഇത്രയും വലിയ പ്രതിസന്ധിഘട്ടത്തില്‍ ലോക്ഡൗണ്‍ വേണ്ടെന്നു പറയാന്‍ എനിക്ക് എങ്ങനെ കഴിയും. അങ്ങനെ ചിന്തിച്ചിട്ടോ പറഞ്ഞിട്ടോ ഇല്ല. കൊറോണ മഹാമാരി പൂര്‍ണമായും മാറുന്നതുവരെ ലോക്ഡൗണ്‍ അനിവാര്യമാണെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍പെടുന്ന ആളാണ് ഞാന്‍”, വിശദീകരണത്തില്‍ അഹാന പറഞ്ഞു.