ലോകത്തിലെ ഏറ്റവും വിലക്കൂടിയ കാര്‍. 1955 മോഡല്‍ മെഴ്സിഡീസ് ബെന്‍സ് 300 എസ്എല്‍ആര്‍ ഉലെന്‍ഹോട്ട് കൂപ്പെ എന്ന കാറിനാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില. 135 ദശലക്ഷം യൂറോ (1108 കോടി രൂപയാണ്) ഈ കാറിന്റെ വില. ആര്‍എം സോത്ബി എന്ന കമ്പനി നടത്തിയ ലേലത്തിലാണ് ഇത്രയധികം രൂപയ്ക്ക് കാര്‍ വിറ്റു പോയത്.
മെയ് അഞ്ചിന് മെഴ്സിഡീസ് മ്യൂസിയത്തിലാണ് കാറിന്റെ ലേലം നടന്നത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ശതകോടീശ്വരനാണ് കാര്‍ സ്വന്തമാക്കിയത്. ലേലത്തില്‍ ലഭിച്ച തുക മെഴ്സിഡീസ് ബെന്‍സ് ഫണ്ടിലേക്കാണ് പോകുന്നതെന്ന് കമ്പനി അറിയിച്ചു. പ്രത്യേക സന്ദര്‍ഭങ്ങളില്‍ വാഹനം ബെന്‍സ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കും എന്ന നിബന്ധനയോടെയാണ് ഉടമ വാഹനം സ്വന്തമാക്കിയത്.
ലോകത്ത് ഈ മോഡല്‍ കാര്‍ രണ്ടെണ്ണം മാത്രമാണ് നിര്‍മിച്ചിരിക്കുന്നത്. ബെന്‍സിന്റെ ചീഫ് എന്‍ജിനീയറായ റുഡോള്‍ഫ് ഉലെന്‍ഹോട്ട് ആണ് മെഴ്സിഡീസ് ബെന്‍സ് മോട്ടോര്‍ റേസിംഗ് ഡിപ്പാര്‍ട്ട്മെന്റിന് വേണ്ടി ഈ വാഹനം രൂപകല്പന ചെയ്തത്. രണ്ട് ലോക ചാമ്പ്യന്‍ പട്ടങ്ങള്‍ സ്വന്തമാക്കിയ ഡബ്ല്യു 196 ആര് എന്ന റേസ് കാറിനെ അടിസ്ഥാനമാക്കിയാണ് ഈ കാര്‍ നിര്‍മിച്ചത്. അടുത്ത മത്സരത്തില്‍ പുതിയ കാറിനെ ഇറക്കാനായിരുന്നു തീരുമാനമെങ്കില്‍ ഒരു അപകടത്തെ തുടര്‍ന്ന് ഈ കാറിനെ ട്രാക്കില്‍ നിന്ന് മാറ്റുകയായിരുന്നു.