കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു സീരിയൽതാരം രമേശ് വലിയശാല അന്തരിച്ചത്. ഇപ്പോൾ താരത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് നടി യമുന. ജ്വാലയായി എന്ന മെഗാ പരമ്പരയിൽ യമുന അവതരിപ്പിച്ച ലിസി എന്ന കഥാപാത്രത്തിൻറെ ഭർത്താവായി എത്തിയത് രമേശ് ആയിരുന്നു. ദൂരദർശനിൽ ആയിരുന്നു ഈ സൂപ്പർഹിറ്റ് പരമ്പര സംരക്ഷണം ചെയ്തത്. അലക്സ് എന്നായിരുന്നു രമേശ് അവതരിപ്പിച്ച കഥാപാത്രത്തിൻറെ പേര്. ഫേസ്ബുക്കിൽ ആയിരുന്നു താരം ഈ കുറിപ്പ് പങ്കുവെച്ചത്. “ചിരിച്ചു മാത്രം കണ്ടിട്ടുള്ള വ്യക്തി, പ്രതിസന്ധികളിൽ ആശ്വസിപ്പിക്കുന്ന കൂടെപിറപ്പ്” – ഇതായിരുന്നു യമുന കുറിച്ച വാക്കുകൾ.
“എത്രയും പ്രിയപ്പെട്ട അലക്സ് അച്ചായന് ലിസി എഴുതുന്നത്, 2011 വർഷത്തിൽ എൻ്റെ കൈപിടിച്ച് ജീവിതം ആരംഭിച്ചപ്പോൾ, ഒരു സാധാരണ പെൺകുട്ടിക്ക് ഉണ്ടായിരുന്നു എല്ലാ സ്വപ്നങ്ങളും ഈ പൊട്ടി പെണ്ണിനും ഉണ്ടായിരുന്നു. ഭർത്താവിനെ അങ്ങേയറ്റം സ്നേഹിച്ചിരുന്നു ഈ ലിസി. ഭർത്താവിനെ മറ്റാരും ചേർത്തു പിടിക്കുന്നത് ഇഷ്ടമല്ലായിരുന്ന ഭാര്യയായിരുന്നു ലിസി. അച്ഛനും അമ്മയും കൂടെ കുഴപ്പം ഒന്നും വേണ്ടായിരുന്നു, അവൾക്ക് ഈ ഭർത്താവിനെ മാത്രം മതിയായിരുന്നു. അതാണ് അവളുടെ ലോകം എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ലിസി.
ഇനി ആ അലക്സ് അച്ചായൻ ഇല്ല. ലിസി ഒറ്റയ്ക്കായി. തന്നെ വിട്ടു അലക്സ് അച്ചായൻ പോയി. ലിസിയുടെ ബാലിശമായ പ്രവർത്തികളെല്ലാം കൊച്ചുകുട്ടിയുടെ പിടിവാശി ആയി കണ്ടു അവസാനംവരെ സ്നേഹിച്ച അലക്സ് അച്ചായൻ ലിസിയെ വിട്ടുപോയിരിക്കുന്നു. ഇത്ര പെട്ടെന്ന് ഇങ്ങനെ സംഭവിക്കും എന്ന് ആരും ചിന്തിച്ചില്ല. എപ്പോഴും ചിരിച്ചു മാത്രമേ കണ്ടിട്ടുള്ളൂ ആ മുഖം.
യഥാർത്ഥ ജീവിതത്തിൽ, പോട്ടെ മോളെ എല്ലാം ശരിയാവും, ജീവിതമല്ലേ എല്ലാം തരണം ചെയ്യണം, എന്നുപറഞ്ഞ് എപ്പോഴും കണ്ടാൽ ആശ്വസിപ്പിക്കുന്ന എൻറെ കൂടെ പിറപ്പ് എന്തിന് ഇങ്ങനെ ചെയ്തു? ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. ഇപ്പോഴും എൻറെ കൂടെ നിങ്ങൾ ഉണ്ട് എന്ന് വിശ്വസിക്കാനാണ് ആഗ്രഹം. ഇഷ്ടമുള്ളടുത്തേക്ക് സ്വന്തം ഇഷ്ടപ്രകാരം പോയി, സന്തോഷമായിരിക്കുന്നു എന്ന് വിശ്വസിച്ചു കൊണ്ട്, സ്വന്തം ലിസി” – യമുന കുറിപ്പ് അവസാനിപ്പിക്കുന്നു.