ഫ്ളാറ്റില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവതിയും യുവാവും അറസ്റ്റില്‍. ഇന്‍ഫോ പാര്‍ക്കിലെ ഓപറേഷന് എക്സിക്യൂട്ടീവ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനിയായ അപര്‍ണ റെജി, കോന്നി സ്വദേശി അലന് രാജു എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ താമസിക്കുന്ന ഫ്ളാറ്റിലെ അടുക്കളയിലാണ് കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നത്. ഫ്ളാറ്റില്‍ എംഡിഎംഎയുടെ ഉപയോഗമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
ഫ്ളാറ്റിലെ യുവാവിന്റെ കൊലപാതകത്തിനുശേഷം നഗരത്തിലെ ഫ്ളാറ്റുകള്‍ പൊലീസും നാര്‍ക്കോട്ടിക്സ് വിഭാഗവും നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് തൃക്കാക്കര അജന്ത അപ്പാര്‍ട്ട്മെന്റിലെ രണ്ടാം നിലയിലെ ബി ത്രീ ഫ്ളാറ്റിലെ കഞ്ചാവ് കൃഷി പൊലീസ് പിടികൂടിയത്. അപര്‍ണയും സുഹൃത്ത് അലന് രാജുവും ഫ്ളാല്‍ ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. അടുക്കളയില്‍ ചെടിച്ചട്ടിയില്‍ പ്രത്യേകം പരിപാലിച്ചായിരുന്നു കഞ്ചാവ് കൃഷി. ചെടിക്ക് വെളിച്ചം കിട്ടാന്‍ ചുറ്റിലും എല്‍.ഇ.ഡി ബള്‍ബുകള്‍ വച്ചും മുഴുവന്‍ സമയം ഈര്‍പ്പം നിലനിര്‍ത്താന്‍ ചെടിച്ചട്ടിക്ക് താഴെയായി പ്രത്യേകം തയാറാക്കിയ എക്സോഫാനും ഘടിപ്പിച്ചിരുന്നു. നട്ടുവളര്‍ത്തിയ നാലുമാസമായ കഞ്ചാവുചെടിക്ക് ഒന്നര മീറ്റര്‍ പൊക്കമുണ്ട്.
നാര്‍ക്കോട്ടിക് സെല്‍ സ്പെഷല്‍ വിഭാഗമായ ഡാന്‍സാഫ് ടീമാണ് ഫ്ളാറ്റില്‍ പരിശോധന നടത്തിയത്. അപ്പാര്‍ട്മെന്റുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധന ശക്തമായി തുടരാനാണ് പൊലീസിന്റെയും നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെയും തീരുമാനം.