ആത്മകഥയുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. വാളയാറിലെ ഇളയ പെണ്‍കുട്ടിയുടെ അഞ്ചാം ചരമവാര്‍ഷിക ദിനമായ നാളെയാണ് ആത്മകഥ പ്രകാശനം ചെയ്യുന്നത്. കേസില്‍ ആറാമതൊരാള്ക്കുകൂടി പങ്കുണ്ടെന്നതടക്കം നിര്‍ണായക വിവരങ്ങള്‍ ആത്മകഥയിലുണ്ട്.
കേസില്‍ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഉന്നത സ്വാധീനമുള്ള ഒരാള്‍ക്ക് കൂടി മക്കളുടെ മരണത്തില്‍ പങ്കുണ്ടെന്നാണ് അമ്മ പറയുന്നത്. മൂത്തമകളുടെ മരണത്തിന് പിന്നാലെ വീട്ടില്‍ നിന്ന് രണ്ടുപേര്‍ ഇറങ്ങിപ്പോകുന്നത് ഇളയമകള്‍ കണ്ടിരുന്നു. മൊഴി നല്‍കിയിട്ടും ഇക്കാര്യത്തില്‍ അന്വേഷണം ഉണ്ടായിട്ടില്ലെന്നും അവര്‍ ആരോപിക്കുന്നു. കേസ് ഒടുവില്‍ അന്വേഷിച്ച സിബിഐ കുറ്റപത്രം സമര്‍പ്പിച്ച് രണ്ടുമാസമായിട്ടും പകര്‍ക്ക് ലഭിച്ചിട്ടില്ല. മക്കളുടെ മരണം ആത്മഹത്യയെന്ന സിബിഐ കണ്ടെത്തലിനെയും വാളയാര്‍ അമ്മ തള്ളുന്നുണ്ട്.
നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് വാളയാറിലെ സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തതിയതെന്ന വാദം സിബിഐയും തള്ളുന്നത്. ഡമ്മി പരീക്ഷണവും തൂങ്ങിമരണത്തിലേക്കാണ് സിബിഐ സംഘം എത്തിയത്.