ഷെയ്ന് നിഗം നായകവേഷത്തിലെത്തുന്ന ചിത്രം വെയിലി’ന്റെ റിലീസ് മാറ്റി . കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മാറ്റിയതെന്നും വെയിലി’ന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. നിര്‍മ്മാതാക്കളായ ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ ഇത് അറിയിച്ചത്.
ജനുവരി 28നായിരുന്നു സിനിമ റിലീസ് ചെയ്യേണ്ടിയിരുന്നത്. അതേസമയം നിങ്ങളുടെ അടുത്തുള്ള എല്ലാ തീയേറ്ററുകളിലും വെയില് എത്രയും വേഗം ഉയരുകയും തിളങ്ങുകയും ചെയ്യുമെന്നും ഇവര്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
‘തീയേറ്റര്‍ ഉടമകളുടെ അഭ്യര്‍ത്ഥന പരിഗണിച്ചും, കോടിക്കണക്കിന് സിനിമാ പ്രേമികളുടെ വിലപ്പെട്ട ആരോഗ്യം കണക്കിലെടുത്തും ഞങ്ങള്‍ വെയില് എന്ന സിനിമയുടെ റിലീസ് മാറ്റിവയ്ക്കുകയാണ്. നിങ്ങളുടെ അടുത്തുള്ള എല്ലാ തീയേറ്ററുകളിലും വെയില് എത്രയും വേഗം ഉയരുകയും തിളങ്ങുകയും ചെയ്യും’, എന്നാണ് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.
നവാഗതനായ ശരത് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗുഡ് വില്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാസ് മുഹമ്മദാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ‘വെയിലി’ലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് പ്രദീപ് കുമാര്‍ ആണ്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. സൗണ്ട് ഡിസൈന്‍ ചെയ്യുന്നത് രംഗനാഥ് രവിയാണ്.
അതേസമയം സിനിമ പ്രഖ്യാപിച്ച് കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ചില വിവാദങ്ങളും ഉയര്‍ന്നു. ആ സമയത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു ഷെയ്ന് നിഗം – ജോബി ജോര്‍ജ്ജ് തമ്മിലുള്ള ചില പ്രശ്നങ്ങള്‍. പിന്നീട് ഇതെല്ലാം പരിഹരിച്ച് ചിത്രം പൂര്‍ത്തിയാക്കുകയായിരുന്നു.