വയോജനങ്ങള്‍ക്ക് വ്യത്യസ്ത പദ്ധതിയുമായി മലപ്പുറം വേങ്ങര പഞ്ചായത്ത്. 75 വയസ് കഴിഞ്ഞവര്‍ക്ക് പഞ്ചായത്ത് കാന്റീനില്‍ നിന്ന് ചായ ലഭിക്കാന്‍ രണ്ട് രൂപ നല്കിയാല് മതി. 70 വയസ് കഴിഞ്ഞവര്‍ക്ക് അഞ്ച് രൂപയും നല്കിയാല് മതിയാകും. അവഗണന മാത്രം രുചിച്ചു ശീലിച്ച വയോജനങ്ങള്‍ക്ക് ഓണത്തിന് മുമ്പേ കിട്ടിയ ഓണസമ്മാനമായി ഈ തീരുമാനം.
വയോ സൗഹൃദ പദ്ധതിയുടെ ഭാഗമായാണ് വയോജനങ്ങള്‍ക്ക് ചായ കുറഞ്ഞ വിലക്ക് നല്‍കുന്നത്. നേരത്തെ തന്നെ എഴുപത് കഴിഞ്ഞവരില്‍ നിന്ന് ഏഴു രൂപയാണ് ചായ വില ഈടാക്കിയിരുന്നത്. അത് അഞ്ചു രൂപയായി കുറച്ചതോടൊപ്പം 75 തികഞ്ഞവര്‍ക്ക് വെറും രണ്ടു രൂപക്ക് ചായയും നല്‍കിയാണ് പഞ്ചായത്ത് കാന്റീന് വയോജന സൗഹൃദമാകുന്നത്. വയോജന സൗഹൃദ കിയോസ്ക്ക് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
വേങ്ങര ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങള്‍ ദിവസവും കൂടുന്ന സായം പ്രഭ ഹോമിന് സമീപമാണ് കാന്റീന്. ഇരുനൂറോളം അംഗങ്ങളുണ്ട് സായം പ്രഭയില്‍. ദിവസവും അന്‍പതില്‍ പരം വയോജനങ്ങള്‍ ഇവിടെ സമയം ചിലവിടാനെത്തുന്നുണ്ട്. ഇവര്‍ക്ക് വായന, ഉല്ലാസം എന്നിവയ്ക്ക് പുറമെ അന്യമാവുന്ന വട്ടപ്പാട്ട്, കോല്‍ക്കളി പോലുള്ള കലകള്‍ പരിശീലനം നല്കി അവതരിപ്പിച്ച് വരുന്നുണ്ട്.