സ്കൂളുകളില്‍ കൊവിഡ് വാക്സിനേഷന് ക്രമീകരണം നടത്താന്‍ നിര്‍ദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. അന്‍പത്തിയൊന്ന് ശതമാനം കുട്ടികള്‍ ഇതിനകം വാക്സിനെടുത്തു. 967 സ്കൂളുകളില്‍ വാക്സിനേഷന് സൗകര്യം ഏര്‍പ്പെടുത്തും. 500 കുട്ടികളില്‍ കൂടുതലുള്ള സ്കൂളുകളിലാണ് വാക്സിനേഷന് കേന്ദ്രം ഒരുക്കുക. വാക്സിനേഷന് നടക്കുന്ന സ്കൂളുകളില്‍ നാളെ രാവിലെ പി.ടി.എ മീറ്റിംഗ് ചേരുമെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്ചയാണ് സംസ്ഥാനത്തെ സ്കൂളുകളില്‍ വാക്സിനേഷന് ആരംഭിക്കുക.
ഒന്നാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ ഈ മാസം 21 മുതല്‍ സ്കൂളില്‍ വരേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ആയിരിക്കും. വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുണ്ടാവും. പുതുക്കിയ ടൈംടേബിള്‍ ഉടനെ പ്രഖ്യാപിക്കും.
അതേസമയം അധ്യാപകര്‍ സ്കൂളുകളില്‍ വരണം. ഓണ്‍ലൈന്‍ ക്ലാസിന് ആവശ്യമായ നേതൃത്വം വഹിക്കണം. 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്കൂളുകളില്‍ ക്ലാസുകള്‍ തുടരും. ഈ മാസം 22, 23 തീയതികളില്‍ 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ ശുചീകരണ യജ്ഞം നടത്തുമെന്നും മന്ത്രി അറിയിച്ചു.