ലോക കേരള സഭയില്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയിലെത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.സുരക്ഷാ കടമ്പകള്‍ മറികടന്ന് എങ്ങനെയാണ് അനിതയ്ക്ക് ലോക കേരളസഭയില്‍ എത്താനായതെന്ന് വി. ഡി സതീശന് ചോദിച്ചു. അനിത പുല്ലയിലിന് സര്‍ക്കാരുമായി അടുത്തബന്ധമാണുള്ളത്. സര്‍ക്കാരുമായി ബന്ധമുള്ള ഇത്തരം വ്യക്തികള്‍ നിരന്തരമായി പുറത്തേക്ക് വരികയാണെന്നും ഇത്തരത്തില്‍ പത്താമത്തെ അവതാരമായാണ് അനിത പുല്ലയില്‍ എത്തിയതെന്നും വിഡി സതീശന് പറഞ്ഞു.
മുഖ്യമന്ത്രി 2016 ല്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തൊട്ടു മുമ്പ് പറഞ്ഞത് ഇനിയുള്ള ഭരണത്തില്‍ അവതാരങ്ങളുണ്ടാവില്ലെന്നാണ്. ഷാജ് കിരണ്‍ കൂടി വന്നതോടെ 9 അവതാരങ്ങളായി എന്ന് താാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോള്‍ പത്താമത്തെ അവതാരമെത്തി. ദശാവതാരമായി. ഈ അവതാരങ്ങളെ മുട്ടിയിട്ട് നടക്കാന്‍ വയ്യ. ഇത്തരം ആളുകളുമൊക്കെയായി അവര്‍ക്ക് ബന്ധമുണ്ട്. നിയമസഭാ മന്ദിരത്തിന്റെ സുരക്ഷാ നടപടികള്‍ നന്നായിട്ടറിയാവുന്ന ആളാണ് താന്‍. പ്രത്യേകിച്ച് ഈ പരിപാടി നടക്കുമ്പോള്‍ അവിടെ അതീവ സുരക്ഷാ മേഖലയാണ്. അവിടേക്ക് ഒരാള്‍ കയറുന്നു. രണ്ട് ദിവസമായി മുഴുവന്‍ സമയവും അവിടെ ഇരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ പരാതിപ്പെട്ടപ്പോള്‍ മാത്രമാണ് അവരെ പുറത്തേക്കിറക്കി കൊണ്ടുപോയതെന്നും വി.ഡി സതീശന് പറഞ്ഞു.
അതേസമയം അനിത പുല്ലയില്‍ ലോകകേരള സഭയില്‍ എത്തിയതില്‍ അന്വേഷണം നടത്തില്ലെന്ന് നോര്‍ക്ക വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണന് വ്യക്തമാക്കി. അനിതയ്ക്ക് ക്ഷണമില്ലായിരുന്നെന്നും ഓപ്പണ്‍ ഫോറത്തിലായിരിക്കും അനിത പങ്കെടുത്തതെന്നും പി ശ്രീരാമകൃഷ്ണന് പറഞ്ഞു. നോര്‍ക്കയുടെ പട്ടികയില്‍ അനിതയുടെ പേരില്ലാത്ത സ്ഥിതിക്കും ലോക കേരള സഭയില്‍ പങ്കെടുക്കാത്ത സ്ഥിതിക്കും അന്വേഷണം ആവശ്യമില്ലെന്ന് ശ്രീരാമകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.