തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണം കടുത്തിരിക്കുകയാണ്. ഇപ്പോഴിതാ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് നടന് മമ്മൂട്ടിയെ കണ്ട് വോട്ട് തേടിയിരിക്കുകയാണ്. എറണാകുളം എംപി ഹൈബി ഈഡനൊപ്പമെത്തിയാണ് ഉമ താരത്തിനോട് വോട്ട് ചോദിച്ചത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂന്നാം ദിവസമായ ഇന്ന് മണ്ഡലത്തിലെ പ്രമുഖരെ കാണുന്നതിന്റെ ഭാഗമായാണ് ഉമ തോമസ് താരത്തെ സന്ദര്‍ശിച്ചത്. മൂവരും ഇരുന്ന് തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്. ‘മണ്ഡലത്തിന് പരിചയമുള്ള ആളാണ് നല്ലത്’ എന്ന് മമ്മൂട്ടി പറയുന്നുണ്ട്. നടന് രമേഷ് പിഷാരടിയും ഒപ്പമുണ്ടായിരുന്നു.
പ്രചാരണത്തിന്റെ ഭാഗമായി ഉമ തോമസ് ഇന്നലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സാമുദായിക വോട്ടുകള്‍ ഉറപ്പ് വരുത്തുക എന്നതിനാണ് പ്രഥമ പരിഗണന. കെ റെയില്‍ തന്നെ ആയുധമാക്കി പ്രചാരണം ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം.