നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ള മുഴുവന്‍ പ്രതികളും സെപ്റ്റംബര്‍ 14 ന് നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കുറ്റപത്രം വായിച്ച് കേള്‍ക്കാന്‍ പ്രതികള്‍ ഹാജരാകണമെന്ന് കോടതി പറഞ്ഞു.
വിചാരണ നടപടികളുടെ ആദ്യ ഘട്ടമാണിത്. പ്രതികള്‍ക്ക് ഹാജരാകാനുള്ള അവസാന അവസരമാണിതെന്നും തിരുവനന്തപുരം സി.ജെ.എം കോടതി മുന്നറിയിപ്പ് നല്കി. വി. ശിവന്‍കുട്ടിക്ക് പുറമെ ഇ.പി ജയരാജന്, കെ.ടി ജലീല്‍, കെ.അജിത്, കെ. കുഞ്ഞമ്മദ്, സികെ സദാശിവന് എന്നിവരാണ് മറ്റ് പ്രതികള്‍. നിരവധി തവണ കോടതി നിര്‍ദേശിച്ചിട്ടും പ്രതികള്‍ ഹാജരാകാത്തതിനാലാണ് സി.ജെ.എം കോടതി മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം കേസില്‍ കോടതി ആവശ്യപ്പെട്ടാല്‍ ഹാജരാകുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. കോടതി പറഞ്ഞാല്‍ അനുസരിച്ചേ പറ്റൂ. വിടുതല്‍ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിടുതല്‍ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചശേഷമേ വിചാരണക്കോടതി കേസ് പരിഗണിക്കുകയുള്ളുവെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
2015ല്‍ അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണത്തെ തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചതാണ് കൈയ്യാങ്കളിയില്‍ കലാശിച്ചത്. കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രിംകോടതി നിരസിച്ചതോടെയാണ് വിചാരണ കോടതി നടപടികള്‍ ആരംഭിച്ചത്.