മാതാപിതാക്കളാണെന്ന് പറഞ്ഞെത്തിയവരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്

മാതാപിതാക്കള്‍ എന്ന അവകാശവുമായി എത്തിയ ദമ്പതികളോട് നഷ്ടപരിഹാരമായി നൂറ് കോടി ആവശ്യപ്പെട്ട് നടന്‍ ധനുഷ്. ഇവരോട് പരസ്യമായി മാപ്പ് പറയാനും നടന്‍ പറഞ്ഞു. ഇതേക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള വക്കീല്‍ നോട്ടീസ് മധുര സ്വദേശികളായ ദമ്പതിമാര്‍ക്ക് ധനുഷ് അയച്ചത്. തന്റെ പ്രശസ്തി നശിപ്പിച്ചതിന് നഷ്ടപരിഹാരം ആയിട്ടാണ് നൂറുകോടി ആവശ്യപ്പെട്ടത്.

ഇവര്‍ പരാതി പിന്‍വലിച്ചില്ലെങ്കില്‍ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു . ഈ ദമ്പതികള്‍ക്കെതിരെ നേരത്തെയും നടന്‍ രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മാപ്പ് പറഞ്ഞുകൊണ്ട് പത്രക്കുറിപ്പ് ഇറക്കണമെന്നും നേരത്തെ ധനുഷും പിതാവും ആവശ്യപ്പെട്ടിരുന്നു.

റിട്ടയേര്‍ഡ് സര്‍ക്കാര്‍ ബസ് കണ്ടക്ടറായ കതിരേശനും ഭാര്യ മീനാക്ഷിയും ആണ് ധനുഷ് തങ്ങളുടെ മകനാണെന്ന് പറഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചത്. നധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച തങ്ങളുടെ മൂന്ന് മക്കളില്‍ ഒരാളാണ് ധനുഷ് എന്നും ഇവര്‍ പറഞ്ഞിരുന്നു.

നേരത്തെ ധനുഷിനെ കാണാന്‍ ശ്രമിച്ചിട്ട് ധനുഷ് തങ്ങളെ കാണാന്‍ തയ്യാറായില്ലെന്നും പ്രതിമാസ മെഡിക്കല്‍ ബില്ലായ 65,000 രൂപ ധനുഷില്‍ നിന്ന് ലഭ്യമാക്കാന്‍ കോടതി ഇടപെടണമെന്നുമായിരുന്നു പ്രാഥമിക അപേക്ഷയില്‍ അവര്‍ പറഞ്ഞിരിക്കുന്നത്. പിന്നീട് ധനുഷിന്റെ മെഡിക്കല്‍ വെരിഫിക്കേഷനും ജനന സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയതോടെ ഏപ്രില്‍ 22ന് കേസ് റദ്ദാക്കുകയായിരുന്നു.