പൃഥ്വിരാജ് എന്ന നടൻറെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ആടുജീവിതം എന്ന സിനിമയിൽ നമ്മൾ കണ്ടത്. സിനിമ റിലീസ് ചെയ്ത മൂന്നാഴ്ച പിന്നിടുമ്പോഴും വലിയ രീതിയിലുള്ള തിരക്ക് ആണ് ഇപ്പോഴും തിയേറ്ററുകളിൽ അനുഭവപ്പെടുന്നത്. മാർച്ച് 28ആം തീയതി ആയിരുന്നു ചിത്രം പുറത്തുവന്നത്. ഇപ്പോൾ 19 ദിവസങ്ങൾ പിന്നിട്ട വേളയിൽ പോലും സിനിമയുടെ കളക്ഷൻ ഒരു കോടിക്ക് മുകളിലാണ് എന്നതാണ് അത്ഭുതകരമായ വസ്തുത.
ഏപ്രിൽ പതിനഞ്ചാം തീയതി മാത്രം ചിത്രം തിയേറ്ററുകളിൽ നിന്നും കരസ്ഥമാക്കിയത് ഏകദേശം ഒന്നേകാൽ കോടി രൂപയാണ്. കൃത്യമായി പറഞ്ഞാൽ 1.19 കോടി രൂപ. ഇതോടെ സിനിമ ഇന്ത്യയിൽ നിന്നും ആകമാനം നേടിയ കളക്ഷൻ 74.94 കോടി രൂപയായി. മലയാളത്തിനു പുറമേ മറ്റു പ്രധാനപ്പെട്ട ഭാഷകളിൽ എല്ലാം തന്നെ ചിത്രം റിലീസ് ചെയ്തിട്ടുണ്ട് എങ്കിലും മറ്റു ഭാഷകളിൽ നിന്നും വലിയ രീതിയിലുള്ള റെസ്പോൺസ് ചിത്രത്തിന് ലഭിച്ചിട്ടില്ല.
ഈ വർഷം മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷൻ നേടിയ സിനിമയായി ആടുജീവിതം മാറിക്കഴിഞ്ഞിരിക്കുകയാണ്. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മലയികോട്ടൈ വാലിബൻ എന്ന സിനിമയുടെ ആദ്യദിന കളക്ഷൻ 5.85 കോടി രൂപയായിരുന്നു. ഈ റെക്കോർഡും ആടുജീവിതം തകർത്തിട്ടുണ്ട്. ഇത് കൂടാതെ 3.35 കോടി നേടിയ മഞ്ഞുമ്മൽ ബോയ്സ് ആണ് മൂന്നാം സ്ഥാനത്ത് നിലവിൽ ഉള്ളത്.
റംസാൻ നോമ്പ് ഉണ്ടായിരുന്നതുകൊണ്ട് നിരവധി ആളുകൾ ആയിരുന്നു സിനിമ കാണുവാൻ വേണ്ടി തിയേറ്ററുകളിലേക്ക് വരാതിരുന്നത്. നോമ്പ് കൂടി കഴിഞ്ഞതോടെ തിയേറ്റർ വീണ്ടും ഉണർന്നു എന്നു വേണമെങ്കിൽ പറയാം. അതിനുപുറമേ വിഷു സീസൺ കൂടി വന്നതോടെ തിയേറ്ററുകൾ ഒന്നുകൂടി സജീവമായി. മികച്ച ഒരുപാട് സിനിമകളാണ് ഇപ്പോൾ തീയറ്ററുകളിൽ കളിച്ചുകൊണ്ടിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ മലയാള സിനിമയുടെ സുവർണ കാലഘട്ടം എന്ന് ഈ കാലഘട്ടത്തെ വിളിക്കാവുന്നതാണ്.