കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും കോര്പറേഷന് ആരോഗ്യ വിഭാഗവും ചേര്‍ന്ന് പരിശോധന നടത്തി. 53 തട്ടുകടകളില്‍ ആണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ നിയമം പാലിക്കാത്ത 12 കടകള്‍ ഇവിടെ കണ്ടെത്തി. ഇത് താല്‍ക്കാലികമായി അടപ്പിക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ പരിശോധന ഊര്‍ജിതമായി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അസി. കമീഷണര്‍ കെകെ അനിലന്‍ അറിയിച്ചു.
17 കടകളില്‍ നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ സൂക്ഷിച്ച 35 ലിറ്റര്‍ അസറ്റിക് ആസിഡ് പിടിച്ചെടുത്ത് നശിപ്പിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ സൂക്ഷിച്ച 17 ബ്ലോക്ക് ഐസ് പിടിച്ചെടുത്ത് നശിപ്പിച്ചു. എട്ട് കടകള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസ് നല്കി. മൊബൈല്‍ ലാബിന്റെ സഹായത്തോടെ 18 സാമ്പിളുകളില്‍ മിനറല്‍ ആസിഡിന്റെ സാന്നിധ്യം പരിശോധിച്ചെങ്കിലും ,കണ്ടെത്തിയില്ല.
കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയ വിദ്യാര്‍ത്ഥി ബീച്ചിലെ കടയില്‍ നിന്നും വെള്ളമാണെന്ന് കരുതി ആസിഡ് കുടിക്കുകയും ഗുരുതര പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. കാസര്‍കോട്ട് നിന്നും വിനോദയാത്രയ്ക്ക് കോഴിക്കോട് എത്തിയ തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദിന് ആണ് പൊള്ളലേറ്റത്.
ഈ സഭവത്തിന് പിന്നാലെയാണ് പരിശോധന നടത്തിയത്. ഇവിടുത്ത കടകളില്‍ നിന്നും ഉപ്പിലിട്ട മാങ്ങ , നെല്ലിക്ക തുടങ്ങിയ സാധനങ്ങളും ഉണ്ട്. ഇത് കഴിക്കാന്‍ വേണ്ടി മാത്രം കോഴിക്കോട്ടെ കടയില്‍ എത്തുന്നവര്‍ ഉണ്ട്.