മോഹനലാലിനെ പ്രധാന കഥാപാത്രമാക്കി ജീത്തു സംവിധാനം ചെയ്ത ദൃശ്യം ബോക്സ് ഓഫീസ് കീഴടക്കിയതിന് പിറകെ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തിയിരുന്നു. രണ്ടാം ഭാഗവും ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. നിലവില്‍ ആസിഫ് അലി-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കൂമന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ദൃശ്യത്തിനു ശേഷം ജീത്തുവിന്റെ മറ്റൊരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് കൂമന്. ദൃശ്യം പല ഭാഷകളിലേക്ക് പുനർനിർമ്മിച്ചു. ചിത്രത്തിന്റെ ഇന്ത്യൻ റീമേക്ക് അവകാശം ₹ 15.5 കോടിക്ക് വിറ്റു.എല്ലാ പതിപ്പുകളും വിജയകരമായിരുന്നു.
ദൃശ്യം സിനിമയുടെ വിജയത്തിനു ശേഷം കഥയുടെ തുടർച്ചയായ ദൃശ്യം 2 എന്ന സിനിമ 2021ൽ ആണ് പുറത്തിറങ്ങിയത്. ദൃശ്യം 2 കോവിഡ്-19 രോഗത്തിൻ്റെ വ്യാപനത്തിൻ്റെ കാരണത്താൽ തിയറ്റർ റിലീസ് ഉണ്ടായില്ല. ആമസോൺ പ്രൈം വിഡിയോ എന്ന ഒ.ടി.ടി സംവിധാനത്തിലൂടെയാണ് പ്രദർശനത്തിനെത്തിയത്. ഇപ്പോഴിതാ ദൃശ്യം സിനിമയുടെ മൂന്നാം ഭാഗത്തെ കുറിച്ചു സംവിധായകൻ പറയുന്നു. ദൃശ്യം മൂന്നിനെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍ തന്നോട് സൂചിപ്പിച്ചിരുന്നതായി സംവിധായകന് ജീത്തു ജോസഫ്. നല്ല ആശയം കിട്ടിയാല്‍ ചിത്രത്തിന്റെ മൂന്നാം ഭാഗം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള-തമിഴ്നാട് അതിര്‍ത്തി മേഖലയായ ഒരു മലയോര ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലേക്ക് കര്‍ക്കശക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറി എത്തുന്നതും അവിടുത്തെ പലരുടേയും ജീവിതത്തെ കീഴ്മേല്‍ മറിക്കുന്നതുമാണ് കൂമന്റെ കഥാ ഇതിവൃത്തം. പൊലീസ് കോണ്‍സ്റ്റബിള്‍ ഗിരിശങ്കര്‍ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സസ്പെന്‍സ് നിറച്ചുള്ള കൂമന്റെ ടീസര്‍ നേരത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഒന്നര മില്യന്‍ കാഴ്ചക്കാരാണ് ടീസര്‍ വീഡിയോ ഇതുവരെ കണ്ടുതീര്‍ത്തത്.
ആസിഫ് അലിക്ക് പുറമേ അനൂപ് മേനോന്, ബാബുരാജ്, രഞ്ജി പണിക്കര്‍, മേഘനാഥന്, ഹന്ന റെജി കോശി, ബൈജു സന്തോഷ്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്, രാജേഷ് പറവൂര്‍, പ്രദീപ് പരസ്പരം, നന്ദു ലാല്‍, പൗളി വല്സന്, കരാട്ടെ കാര്‍ത്തിക്ക്, ജോര്‍ജ് മാര്യന്‍, രമേഷ് തിലക്, ജയന് ചേര്‍ത്തല എന്നിവർ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു. കൊല്ലങ്കോട്, ചിറ്റൂര്‍, പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ കൂമന് നവംബര്‍ നാലിന് മാജിക് ഫ്രെയിം റിലീസ് പ്രദര്‍ശനത്തിനെത്തിച്ചു.